പാലക്കാട് കോവിഡ് വ്യാപനം അതിതീവ്രമാകുമ്പോൾ ജില്ലയിലെ സ്ഥിതി ഗുരുതരം. സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ഐസിയു, വെന്റിലേറ്റർ കിടക്കകൾ 90 ശതമാനത്തിലേറെ നിറഞ്ഞു. ഈ സ്ഥിതി തുടർന്നാൽ കൂടുതൽ നടപടികളിലേക്ക് കടക്കേണ്ടിവരുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി.
ചൊവ്വാഴ്ച ജില്ലയിൽ പ്രതിദിന രോഗികളുടെ എണ്ണം 3000 കടന്നു. ബുധനാഴ്ച 2551 പേരും രോഗബാധിതരായി. പ്രത്യേക പരിചരണം ആവശ്യമുള്ള കോവിഡ് രോഗികൾ ആശുപത്രികളിൽ നിറയുകയാണ്. ജില്ലാ ആശുപത്രിയിൽ ആകെയുള്ള 23 വെന്റിലേറ്ററുകളിൽ 21 എണ്ണത്തിലും രോഗിയുണ്ട്. ഐസിയു കിടക്കകളിൽ 88ൽ 82ലും രോഗികളുണ്ട്.ഓക്സിജൻ ആവശ്യമുള്ള 36 കോവിഡ് ബാധിതരും ഇവിടെയുണ്ട്. ബി, സി കാറ്റഗറിയിലുള്ള 191 രോഗികളാണുള്ളത്. 188 കിടക്കയാണുണ്ടായിരുന്നത്. മറ്റ് വാർഡുകൾകൂടി ഏറ്റെടുത്ത് കോവിഡിനായി സജ്ജമാക്കിയാണ് ബാക്കിയുള്ളവർക്ക് സൗകര്യമൊരുക്കിയത്.
വരുംദിവസങ്ങളിൽ ആശുപത്രി സേവനം ആവശ്യമുള്ള കോവിഡ് രോഗികൾ ഉയരാൻ സാധ്യതയുള്ളതിനാൽ കിടക്കളുടെ എണ്ണം കൂട്ടുന്നതിനുള്ള തയ്യാറെടുപ്പിലാണ് ജില്ലാ ആശുപത്രി അധികൃതർ.