സ്ഥാനാർഥി നിർണയം, ഉപസമിതികളെ നിയോഗിച്ച് കോൺഗ്രസ്
പാലക്കാട് ∙ ജില്ലയിലെ 95 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ സ്ഥാനാർഥി നിർണയത്തിന് ഉപസമിതികളെ നിയോഗിച്ചതായി ഡിസിസി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠൻ എംപി അറിയിച്ചു. മണ്ഡലം പ്രസിഡന്റുമാർ കൺവീനർമാരായി 9 അംഗ കമ്മിറ്റികളാണു രൂപീകരിച്ചത്. യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, ദലിത് കോൺഗ്രസ് പ്രതിനിധികൾ ഉൾപ്പെടെയാണു കമ്മിറ്റി.
വാർഡുതല കമ്മിറ്റികളാണു സ്ഥാനാർഥികളെ നിർണയിക്കുന്നത്. യുവാക്കൾക്കും പുതുമുഖങ്ങൾക്കും മുന്തിയ പരിഗണന നൽകും. നാലുതവണ പൂർത്തിയാക്കിയവരെ ഇത്തവണ പരിഗണിക്കില്ല. ബ്ലോക്ക് പഞ്ചായത്തിലേക്കും ജില്ലാ പഞ്ചായത്തിലേക്കുമുള്ള സ്ഥാനാർഥികളെ നിർദേശിക്കാൻ 24 ബ്ലോക്ക് ഉപസമിതികളും നിലവിൽവന്നു. മൂന്ന്, നാല്, തീയതികളിലായി വാർഡ് കമ്മിറ്റികൾ ചേരും.
5നു മണ്ഡലം ഉപസമിതിയും 6നു ബ്ലോക്കുതല ഉപസമിതിയും ചേരും. ജില്ലാ കോൺഗ്രസ് കമ്മിറ്റിയാണു സ്ഥാനാർഥികളെ അന്തിമമായി പ്രഖ്യാപിക്കുക. ഇതിനായി ജില്ലയിൽ ഏഴംഗ ഉപസമിതിയും രൂപീകരിച്ചു. യുഡിഎഫ് സീറ്റ് വിഭജന ചർച്ച 4നു പൂർത്തിയാക്കുമെന്നും ഡിസിസി പ്രസിഡന്റ് അറിയിച്ചു.