ഗാന്ധിസത്തെ നെഞ്ചോടു ചേർത്ത കെ.എ. ചന്ദ്രന് ഇന്ന് 80
പാലക്കാട് ∙ ഗാന്ധിജി പിറക്കും മുൻപേ ഗാന്ധിസത്തിന്റെ സന്ദേശം പറഞ്ഞയാളാണു ഭക്തകവി പൂന്താനമെന്നു പറയും മുൻ എംഎൽഎ കെ.എ. ചന്ദ്രൻ. ജീവിതത്തിന്റെ നശ്വരതയെ സൂചിപ്പിക്കുന്ന പൂന്താനത്തിന്റെ ജ്ഞാനപ്പാനയെയും ആദർശജീവിതത്തിന്റെ വെളിച്ചമായ ഗാന്ധിസത്തെയും നെഞ്ചോടു ചേർത്ത കെ.എ. ചന്ദ്രന് ഇന്ന് 80 വയസ്സ്.
ചിറ്റൂർ കരിമ്പത്തു പരേതനായ അപ്പുവിന്റെയും വഴുക്കൽ ദേവയാനിയുടെയും മകനായ ചന്ദ്രൻ 1987ൽ ചിറ്റൂരിൽനിന്നും 1996, 2001 വർഷങ്ങളിൽ കൊല്ലങ്കോട് മണ്ഡലത്തിൽനിന്നും എംഎൽഎ ആയി. ഗാന്ധിസം ജീവിതവ്രതമാക്കി നഗ്നപാദനായി നടന്ന അദ്ദേഹം പൊതുപ്രവർത്തന രംഗത്തു തന്റേതായ ഇടം സ്വന്തമാക്കി. കോൺഗ്രസിൽ ഏറ്റവും താഴെത്തട്ടിൽ നിന്നു പ്രവർത്തനം തുടങ്ങി കെപിസിസി വൈസ് പ്രസിഡന്റ് വരെയായി. പഞ്ചായത്ത് അംഗം മുതൽ എംഎൽഎ വരെ ആയെങ്കിലും അധികാര രാഷ്ട്രീയത്തോടു വലിയ മമത കാണിച്ചില്ല.










