പാലക്കാട്: മൊബൈൽ ഫോൺ ഉപയോഗം മാതാപിതാക്കൾ വിലക്കിയതിനെ തുടർന്നുണ്ടായ മാനസിക സംഘർഷത്തിനിടെയെന്ന് സംശയിക്കുന്ന സംഭവത്തിൽ വടക്കഞ്ചേരിയിൽ പത്ത് വയസ്സുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വടക്കഞ്ചേരി കാരയങ്കാട് പുന്നാടത്ത് വീട്ടിൽ മനോജിന്റെ മകൻ രഘുറാം മോഹൻ (10) ആണ് മരിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. രഘുറാം നിരന്തരമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെ തുടർന്ന് മാതാപിതാക്കൾ ഫോൺ വാങ്ങി മാറ്റിവെച്ചിരുന്നു. തുടർന്ന് രക്ഷിതാക്കൾ വീടിന് സമീപം നടന്ന ഒരു യോഗത്തിൽ പങ്കെടുക്കാൻ പോയിരുന്നു. യോഗം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് വീടിനോട് ചേർന്നുള്ള ചാർത്തിലെ ഇരുമ്പ് തൂണിൽ ലുങ്കിയിൽ കെട്ടി കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ഉടൻ തന്നെ കുട്ടിയെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച രഘുറാം മോഹൻ. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.









