മുനിസിപ്പല്‍ കോംപ്ലക്‌സിലേക്കുള്ള വഴിയില്‍ കുറ്റിക്കാടും മദ്യകുപ്പികളും
പാലക്കാട്: മുനിസിപ്പാലിറ്റിയുടെ മൂക്കിനുതാഴെ കിടക്കുന്ന മുനിസിപ്പല്‍ കോംപ്ലക്‌സിലേക്ക് പ്രവേശിക്കുന്ന വഴിയില്‍ കുറ്റിച്ചെടികള്‍ വളര്‍ന്ന് കാടായി കിടക്കുന്നു. ഒഴിഞ്ഞ മദ്യകുപ്പികള്‍, കീറതുണികള്‍, ബാഗുകള്‍ തുടങ്ങിയവ ഈ കാട്ടില്‍ ഉപേക്ഷിച്ചു കിടക്കുന്നു. നീതിമെഡിക്കല്‍ഷോപ്പ്, പത്രസ്ഥാപനങ്ങള്‍, വക്കീലാഫീസുകള്‍ തുടങ്ങി ഒട്ടറെ സ്ഥാപനങ്ങള്‍ ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടേക്ക് നടന്നുവരുന്നവര്‍ക്ക് ഇഴജന്തുക്കളുടെ ഭീഷണി വേറെയും. ഇഴജന്തുക്കള്‍ സ്ഥാപനങ്ങളിലേക്കും ചിലപ്പോള്‍ ഇഴഞ്ഞുകയറാറുള്ളതായി പരിസരത്തെ സ്ഥാപനത്തിലെ ജീവനക്കാര്‍ പറഞ്ഞു.
പുറമെ നിന്നുള്ള വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ്ങും ഇവിടെ കൂടുതലാണ് .പലപ്പോഴും വാഹനങ്ങള്‍ എടുക്കാന്‍ കഴിയാതെ ബുദ്ധിമുട്ടും . ചിലരുമായി വഴക്കും ഉണ്ടാവാറുണ്ട്. കാടുവെട്ടി തെളിയിച്ച് സഞ്ചാര യോഗ്യമാക്കണമെന്ന് ആവശ്യം ശക്തമായിരിക്കുകയാണ്. രാത്രിയായാല്‍ സാമൂഹ്യവിരുദ്ധരും മദ്യപാനികളും അനാശാസ്യ പ്രവര്‍ത്തകരും ഇവിടെ സജീവമാണ്. സ്ഥാപന ഉടമകളില്‍ നിന്നും വാടക ഇനത്തില്‍ നിന്നും പണം ഈടാക്കുന്ന സാഹചര്യത്തില്‍ അവര്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കേണ്ട ഉത്തരവാദിത്വം നഗരസഭക്കില്ലേയെന്ന് സ്ഥാപന ഉടമകള്‍ ചോദിക്കുന്നു.