പാലക്കാട്
ലോക്ഡൗണിൽ ഓട്ടം നിലച്ച ടൂറിസ്റ്റ് ബസുകളും ടാക്സികളും വൻ സാമ്പത്തികപ്രതിസന്ധിയിൽ. ബസുകളും കാറുകളും ഉൾപ്പെടെ ടൂറിസ്റ്റ് മേഖലയെ ആശ്രയിക്കുന്ന പതിനായിരത്തോളം വാഹനങ്ങളാണ് നിർത്തിയിട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം ലോക്ഡൗണിൽ നിർത്തിയിട്ട വാഹനങ്ങൾ രണ്ടാംവർഷത്തിലും അനക്കമില്ലാതെ കിടക്കുന്നു. പ്രതിസന്ധി എപ്പോൾ തീരുമെന്നറിയാതെ.
ഭൂരിഭാഗം ഉടമകളും വായ്പയെടുത്താണ് ഈ രംഗത്ത് പിടിച്ചുനിന്നിരുന്നത്. ആഗസ്ത്വരെ മൊറട്ടോറിയത്തിന്റെ ആനുകൂല്യം ലഭിച്ചു. സെപ്തംബറിൽ വായ്പയെടുത്ത സ്ഥാപനങ്ങൾ തിരിച്ചടവിന് നിർബന്ധം തുടങ്ങി. സ്കാനിയ മൾട്ടി ആക്സിൽ ബസിന് 1.30 കോടിയും വോൾവോയ്ക്ക് 1.18 കോടിയുമാണ് വില. വായ്പതിരിച്ചടവ് മാസം രണ്ടരലക്ഷം വേണം. അടവ് തെറ്റിയതോടെ വായ്പ നൽകിയ സ്ഥാപനങ്ങൾ നിയമനടപടികളുമായി മുന്നോട്ട് പോവുകയാണ്.
പൂജാ അവധിക്ക് കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലേക്ക് നിരവധി യാത്ര ലഭിക്കാറുണ്ട്. കർണാടകയിൽ ഈ സമയം നികുതി ഈടാക്കാറില്ലെന്നത് കണക്കിലെടുത്താകും യാത്രകൾ.
കോവിഡ് ഒന്നാംതരംഗത്തിനുശേഷം ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിൽ വിനോദസഞ്ചാരമേഖലകൾ ഉണർന്നെങ്കിലും രണ്ടാം തരംഗം ഇരുട്ടടിയായി. ശബരിമല മണ്ഡലകാല സീസണിലും നല്ല ബുക്കിങ് ലഭിക്കുന്നതാണ്. ഇത്തവണ അതുമില്ല. വിവാഹ ഓട്ടങ്ങളുമില്ല. കർക്കടകത്തിൽ നാലമ്പല ദർശനത്തിനുള്ള യാത്രകളും നഷ്ടപ്പെട്ടു. സെപ്തംബർ മുതൽ ജനുവരിവരെയാണ് സ്കൂൾ, കോളേജ്, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള വിനോദയാത്രകൾ അധികവും ലഭിക്കുന്നത്. 20 ശതമാനം ബസുകൾ ജില്ലയിൽ ജി–-ഫോം നൽകിയിട്ടുണ്ട്.(ഓട്ടം നിർത്തുന്ന കാലയളവിലെ നികുതിയിളവിനുള്ള അപേക്ഷ)ആർടിഒ ഓഫീസുകൾ അടച്ചതോടെ പലർക്കും അതിനും സാധിച്ചില്ല.
ബസുകൾ നിർത്തിയിട്ടാലും നഷ്ടം
ടൂറിസ്റ്റ് ബസുകളിൽ ഭൂരിഭാഗവും എയർകണ്ടീഷൻ സംവിധാനമുള്ളതാണ്. എസി യിൽ ഗ്യാസ് ചോർച്ചയുണ്ടായാൽ മാറ്റുന്നതിന് 20,000 രൂപയിലേറെയാകും. ബാറ്ററി, ടയർ, ഇലക്ട്രിക്കൽ ജോലികൾ വേറെയും. നിർത്തിയിട്ട ബസുകൾ തിരിച്ച് നിരത്തിലേക്കിറക്കാനും വലിയ സംഖ്യ ചെലവഴിക്കണം. മഴകൊണ്ട് തുരുമ്പെടുക്കുന്നതിന്റെ നഷ്ടങ്ങളും സഹിക്കണം.










