ഒറ്റപ്പാലം
കണ്ണിയംപുറം പഴയപാലത്തിന്റെ നവീകരണം തുടങ്ങി. പാലത്തിന്റെ കൈവരികളുടെ പുനർനിർമാണവും ടാറിങും അറ്റകുറ്റപ്പണികളും പുരോഗമിക്കുന്നു. പഴയപാലം നവീകരിച്ച് പുതിയ പാലത്തിനൊപ്പം ഗതാഗതത്തിന് ഉപയോഗിക്കും.
കണ്ണിയംപുറം പുതിയ പാലത്തിന്റെ അപ്രോച്ച് റോഡുകളുടെ നിർമാണം അവസാന ഘട്ടത്തിലാണ്. അപ്രോച്ച് റോഡിന്റെ ടാറിങ് രണ്ടാഴ്ചക്കുള്ളിൽ തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.
പാലക്കാട്–– കുളപ്പുള്ളി പാതയിൽ കണ്ണിയംപുറം തോടിനുകുറുകെ പഴയ പാലത്തിന് സമാന്തരമായി തെക്കുഭാഗത്താണ് പുതിയ പാലം നിര്‍മിച്ചിരിക്കുന്നത്.
30 മീറ്റർ നീളമുള്ള പാലത്തിന്റെ വീതി 9.78 മീറ്ററാണ്. സംസ്ഥാന ബജറ്റിലെ 4.3 കോടി രൂപ ചെലവിലാണ് പദ്ധതി. അടുത്ത വർഷാരംഭത്തോടെ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാമെന്നാണ് പ്രതീക്ഷയെന്ന് പി ഉണ്ണി എംഎൽഎ പറഞ്ഞു.
കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷനാണ് നിർമാണച്ചുമതല. പുതിയ പാലത്തിലൂടെ പടിഞ്ഞാറ് ഭാഗത്തേക്കും പഴയ പാലത്തിലൂടെ കിഴക്കുഭാഗത്തേക്കും വാഹനങ്ങളെ കടത്തിവിടാനാണ് പദ്ധതി.
കണ്ണിയംപുറത്തും ഈസ്റ്റ് ഒറ്റപ്പാലത്തുമുള്ള ഇരുപാലങ്ങൾക്കും രണ്ട് ബസുകൾക്ക് ഒരുമിച്ച് കടന്നുപോകാനുള്ള വീതിയില്ലായിരുന്നു. ഈ പ്രശ്നം പരിഹരിക്കാനായാണ് പുതിയ പാലം നിർമിച്ചത്