പാലക്കാട്
ജില്ലയിൽ 29,99, 454 പാഠപുസ്‌തകങ്ങൾ വിതരണത്തിനായി എത്തി. പന്ത്രണ്ട് ഉപജില്ലകളിലെയും സൊസൈറ്റികളിൽ പുസ്‌തകം എത്തിച്ചു. സ്‌കൂളുകളിൽ വിതരണം 70 ശതമാനം പൂർത്തിയായി. ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകളിലെ പുസ്‌തകങ്ങളുടെ ഒന്നാംഘട്ട വിതരണമാണ് നടക്കുന്നത്. ചൊവ്വാഴ്‌ചയോടെ ഷൊർണൂർ ബുക്ക് ഡിപ്പോയിലെ ബാക്കിയുള്ള മുഴുവൻ പുസ്‌തകവും സ്‌കൂൾ സൊസൈറ്റികളിൽ എത്തും.
ഡിപ്പോയിലെ പുസ്‌തക വിതരണവുമായി ബന്ധപ്പെട്ട എല്ലാ ജോലിയും ചെയ്യുന്നത് 14 അംഗ കുടുംബശ്രീ സംഘമാണ്.
തരംതിരിക്കൽ, പുസ്‌തകം ഇറക്കൽ–-കയറ്റൽ, സൊസൈറ്റികളിൽ എത്തിക്കൽ തുടങ്ങി എല്ലാ ജോലിയും ഇവർ ചെയ്യുന്നു. ഒരു സൂപ്പർവൈസറുടെ നേതൃത്വത്തിൽ ഒമ്പതുപേർ തരംതിരിക്കൽ ജോലിയും നാലുപേർ കയറ്റിറക്ക് ചുമതലയും നിർവഹിക്കുന്നു.
കോവിഡിന്റെ സാഹചര്യത്തിലും പാഠപുസ്‌തകങ്ങൾ വൈകാതെ വിദ്യാർഥികളുടെ കൈകളിൽ എത്തിക്കണമെന്ന സർക്കാർ തീരുമാനം കുടുംബശ്രീ പ്രവർത്തകർ ഏറ്റെടുക്കുകയായിരുന്നു.









