സ്വകാര്യ പണമിടപാടുകാരുടെ വീടുകളിൽ റെയ്ഡ്; നാല് ലക്ഷത്തിലേറെ രൂപയും 29 മുദ്രപത്രങ്ങളും പിടികൂടി
ചിറ്റൂർ: കിഴക്കൻ മേഖലയിൽ അനധികൃതമായി വട്ടി പലിശയ്ക്ക് പണം നൽകുന്നവരുടെ വീടുകൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ റെയ്ഡിൽ 4.17 ലക്ഷം രൂപയും വീടിന്റെ ആധാരമടക്കം 29 മുദ്ര പത്രങ്ങളും പിടികൂടി. എസ്.പിക്ക് ലഭിച്ച ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊഴിഞ്ഞാമ്പാറ പൊലീസ് നടത്തിയ പരിശോധനയിലാണ് ലക്ഷകണക്കിന്നു രൂപയും 29 ഓളം മുദ്രപത്രങ്ങളും പിടികൂടിയത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് മൂന്ന് സംഘങ്ങളായാണ് പരിശോധന നടത്തിയത്.
വടകരപ്പതി, ശാന്തലിംഗ നഗർ കോളനി ടി. ശെന്തിൾ കുമാറിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 125000 രൂപയും, 17 മുദ്രപത്രങ്ങളും പിടികൂടി. എരുത്തേമ്പതി മാങ്കാപ്പള്ളം ജി. പ്രസാദിന്റെ (38) വീട്ടിൽ നടത്തിയ പരിശോധനയിൽ 392000 രൂപയും, 12 മുദ്രപത്രങ്ങളുമാണ് പിടികൂടിയത്. ഇരുവരും വീട്ടിൽ ഇല്ലായിരുന്നു. ഇവർക്കെതിരെ കുബേര നിയമ പ്രകാരം കേസെടുത്തു.