സ്പീക്കറുടെ വീട്ടിലേക്ക് മാർച്ച് നടത്തിയ ബി.ജെ.പി അക്രമം അഴിച്ചുവിടാൻ ശ്രമിക്കുന്നു: എ.കെ. ബാലൻ
പാലക്കാട്: മലബാർ കലാപത്തെ കുറിച്ച് സ്പീക്കർ എം.ബി. രാജേഷ് പറഞ്ഞത് സി.പി.എമ്മിന്റെ അഭിപ്രായമാണ്. അതിന്റെ പേരിൽ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ബി.ജെ.പി നടത്തിയ മാർച്ച് ജനാധിപത്യ മര്യാദയില്ലാത്തതാണെന്നും സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലൻ.
ആർ.എസ്.എസിനെതിരെ പറഞ്ഞാൽ സ്പീക്കറായാലും സ്വന്തം വീട്ടിൽ കിടന്നുറങ്ങാൻ അനുവദിക്കില്ലെന്ന ഭീഷണിയാണ് ഉയർത്തുന്നത്. എം.ബി. രാജേഷിന് ഗുജറാത്തിൽ നിന്നടക്കം വിട്ടിലേക്ക് ഭീഷണി വന്നുകൊണ്ടിരിക്കുന്നു. ഇതിനെ നിസാര പ്രതികരണമായി കാണാൻ കഴിയില്ല.
വാരിയൻകുന്നത്ത് കുഞ്ഞമ്മദ് ഹാജിയുടെ രാജ്യസ്നേഹത്തെകുറിച്ച് ചരിത്രകാരനായ എം.ജി.എസ് നാരായണൻ എടുത്തുപറഞ്ഞതാണ്. വാജ്പേയ് സർക്കാരിന്റെ കാലത്ത് ചരിത്ര ഗവേഷണകൗൺസിൽ ചെയർമാനായിരുന്നു അദ്ദേഹം. ഇപ്പോൾ മലബാർ കലാപത്തെകുറിച്ച് ഘടകവിരുദ്ധമായ നിലപാട് സ്വീകരിക്കുന്ന ബി.ജെ.പി വാജ്പേയിയെയും തള്ളിപ്പറയുകയാണ്. വാരിയൻകുന്നത്ത് കുഞ്ഞമഹദ് ഹാജിയും ഭഗത്സിംഗും മരണത്തെ സ്വീകരിച്ച രിതിയാണ് എം.ബി. രാജേഷ് പ്രതിപാദിച്ചത്. അവരുടെ ധീരതയ്ക്ക് സമാന സ്വാഭവമുണ്ടായിരുന്നു. നേരിട്ട് നിന്ന് വെടിവെച്ച് കൊല്ലാനാണ് ഇരുവരും ബ്രിട്ടീഷുകാരോട് ആവശ്യപ്പെട്ടത്. രാഷ്ട്രീയ അഭിപ്രായങ്ങളെ രാഷ്ട്രീയമായി തന്നെ നേരിടണം. പക്ഷേ, സ്പീക്കറുടെ വിട്ടിലേക്ക് മാർച്ച് നടത്തി അക്രമം അഴിച്ചുവിടാനയിരുന്നു ബി.ജെ.പി ലക്ഷ്യമിട്ടതെന്നും എ.കെ. ബാലൻ പറഞ്ഞു.










