പുതുപ്പരിയാരം: വിദേശമദ്യവുമായി ബിജെപി പ്രവർത്തകർ പിടിയിൽ
കർണാടകയിൽനിന്ന് എത്തിച്ച 32.250 ലിറ്റർ വിദേശമദ്യവുമായി രണ്ടുപേരെ ഹേമാംബിക നഗർ പൊലീസ് പിടികൂടി. പുതുപ്പരിയാരം വെണ്ണക്കര സ്വദേശികളായ വിനു (34), പ്രസാദ് (36) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും വെണ്ണക്കരയിലെ ബിജെപിയുടെ സജീവ പ്രവർത്തകരാണ്, തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്കായി ഇരുവരും പ്രവർത്തിച്ചിട്ടുണ്ട്.
ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വെണ്ണക്കര ഭാഗത്ത് നടത്തിയ പരിശോധനയിലാണ് മദ്യക്കുപ്പികൾ കണ്ടെത്തിയത്. കർണാടകയിൽനിന്ന് മദ്യം എത്തിച്ച് പ്രദേശികമായി വിൽപ്പന നടത്താനാണ് പ്രതികളുടെ പദ്ധതിയെന്ന് പൊലീസ് പറഞ്ഞു.
കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സിഐ കെ പി മിഥുൻ, എസ്ഐ പി സംഗീത്, എഎസ്ഐ എസ് അശോകൻ, സീനിയർ സിപിഒ എ നവോജ്, സിപിഒമാരായ സി എൻ ബിജു, സി രാഹുൽ എന്നിവർ അടങ്ങിയ സംഘമാണ് മദ്യം പിടിച്ചെടുത്തത്









