ഉപതെരഞ്ഞെടുപ്പിനുശേഷമുള്ള ആദ്യ നഗരസഭാ കൗണ്‍സില്‍ യോഗം ബിജെപിയിലെ ഔദ്യോഗിക വിഭാഗം ബഹിഷ്കരിച്ചു.
സ്ഥാനാർഥിയായിരുന്ന സി കൃഷ്ണകുമാറിനെയും കെ സുരേന്ദ്രനെയും അനുകൂലിക്കുന്ന കൗണ്‍സിലർമാരാണ് യോഗത്തില്‍ നിന്ന് വിട്ടുനിന്നത്.
സ്ഥാനാർഥി നിർണയത്തില്‍ തുടക്കംമുതലേ പാലക്കാട് ബിജെപിയില്‍ ചേരിതിരിവ് രൂക്ഷമായിരുന്നു. നഗരസഭയിലെ 17 കൗണ്‍സിലർമാർ സ്ഥാനാർഥിക്കെതിരെ കരുക്കള്‍ നീക്കിയെന്നും അതാണ് വോട്ട് കുത്തനെകുറയാൻ കാരണമെന്നും പരക്കെ ആക്ഷേപമുയർന്നിരുന്നു. കൃഷ്ണകുമാറിനെ സ്ഥാനാർഥിയാക്കിയതാണ് വോട്ടുകുറയാൻ കാരണമെന്ന് തുറന്നടിച്ച് നഗരസഭാ ചെയർപേഴ്സണ്‍ പ്രമീള ശശിധരൻ തന്നെ കഴിഞ്ഞദിവസം രംഗത്തെത്തി. കൗണ്‍സിലറും ദേശീയസമിതി അംഗവുമായ എൻ ശിവരാജൻ പിന്തുണക്കുകയും ചെയ്തു.
ഇതില്‍ പ്രതിഷേധിച്ചാണ് സ്ഥാനാർഥിയായിരുന്ന സി കൃഷ്ണകുമാറിന്റെ ഭാര്യ മിനി കൃഷ്ണകുമാർ ഉള്‍പ്പെടെയുള്ളവർ കൗണ്‍സില്‍ യോഗത്തില്‍നിന്ന് വിട്ടുനിന്നത്.