പാലക്കാട്കേന്ദ്ര പൊതുമേഖലാ സ്ഥാപനം ബെമൽ ഏറ്റെടുക്കുന്ന കമ്പനിയെ ഏപ്രിൽ ആദ്യം തെരഞ്ഞെടുക്കും. ടെൻഡറിൽ പങ്കെടുത്തവരിൽനിന്നാണ് തെരഞ്ഞെടുപ്പ്. കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള തന്ത്രപ്രധാന സ്ഥാപനം ബെമലിന്റെ മാനേജ്മെന്റ് നിയന്ത്രണം ഉൾപ്പെടെ വിൽക്കാനാണ് കേന്ദ്ര സർക്കാർ താൽപ്പര്യപത്രം ക്ഷണിച്ചത്. 12 കമ്പനികൾ താൽപ്പര്യപത്രം നൽകി. ടാറ്റ മോട്ടേഴ്സ്, അശോക് ലൈലൻഡ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഭാരത് ഫോർജ് എന്നിവ ഉൾപ്പെടെയുള്ള കുത്തകകളാണ് ബെമൽ ഏറ്റെടുക്കാൻ രംഗത്തുള്ളത്. ഇവരിൽനിന്ന് കേന്ദ്രസർക്കാരിന് താൽപ്പര്യമുള്ള കമ്പനിക്കായിരിക്കും നിയന്ത്രണം ഉൾപ്പെടെ മുഴുവൻ ആസ്ഥികളും വിൽക്കുക. മിനി നവരത്ന കമ്പനിയായ ബെമൽ മെട്രോ കോച്ച് നിർമിക്കുന്ന ഇന്ത്യയിലെ ഏക പൊതുമേഖലാ സ്ഥാപനമാണ്.