ബാങ്കിൽ ക്രമക്കേടെന്ന് സഹകരണ വകുപ്പ് റിപ്പോർട്ട്;
വായ്പ വാങ്ങിയവർ തിരിച്ചടച്ചെങ്കിലും തുക ബാങ്കിലെത്തിയില്ല
പാലക്കാട് ∙ സിപിഎം ഭരിക്കുന്ന എലപ്പുള്ളി സർവീസ് സഹകരണ ബാങ്കിൽ വികസനപ്രവർത്തനത്തിന്റെയും വായ്പയുടെയും പേരിൽ സാമ്പത്തിക ക്രമക്കേടും അഴിമതിയും നടന്നതായി സഹകരണ വകുപ്പ് കണ്ടെത്തി.ബാങ്ക് ഹെഡ് ഒാഫിസിനു കെട്ടിടം നിർമിച്ചതിൽ ഒരു കോടി രൂപയിലധികം രൂപയുടെ അഴിമതി നടന്നതായാണു നിഗമനം. പട്ടികജാതി സംഘത്തിനു തുക നൽകുന്നതിലും ക്രമക്കേട് നടന്നു. ഇതുസംബന്ധിച്ചു സഹകരണ അസിസ്റ്റന്റ് റജിസ്ട്രാറുടെ പ്രാഥമിക അന്വേഷത്തിനുമേൽ സഹകരണ ഇൻസ്പെക്ടർ നടത്തിയ വിശദമായ അന്വേഷണത്തിന്റെ റിപ്പോർട്ട് സഹകരണ റജിസ്ട്രാർക്കു കൈമാറി.
ബാങ്ക് കെട്ടിടം നിർമിക്കാൻ 72,65,000 രൂപയുടെ പദ്ധതിക്കാണു സഹകരണ വകുപ്പ് അനുമതി നൽകിയതെങ്കിലും 2,27,60,055 രൂപ ചെലവഴിച്ചതായാണു ഭരണസമിതി കണക്ക്. അധിക തുക ചെലവഴിക്കാൻ ഭരണസമിതി വകുപ്പിന്റെ അനുമതി വാങ്ങാത്തത് മനഃപൂർവമാണെന്നും സർക്കാർ ഉത്തരവിന്റെ ഗുരുതര ലംഘനമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സാധന സാമഗ്രികൾ, കൂലി എന്നിവയുടെ വർധന കണക്കാക്കിയാലും ഇത്രയും വലിയ തുക വരില്ലെന്നാണു വിലയിരുത്തൽ. സഹകരണ നിയമത്തിനു വിരുദ്ധമായി പട്ടികജാതി സംഘത്തിൽ ബാങ്ക് 45 ലക്ഷം രൂപ സ്ഥിരം നിക്ഷേപിച്ചു.
സംഘത്തിൽ നിന്നു വായ്പ വാങ്ങിയവരിൽ പലരും അതു തിരിച്ചടച്ചെങ്കിലും തുക ബാങ്കിലെത്തിയിട്ടില്ല. സംഘം ഫണ്ട് ദുരുപയോഗം ചെയ്തുവെന്നാണു കണ്ടെത്തൽ. വായ്പാ പരിധി ലംഘിച്ചും മതിയായ വാല്യൂവേഷൻ നടത്താതെയും ബാങ്കിൽ നിന്നു ചിലർക്ക് വായ്പ നൽകി. മറ്റു ചില സാമ്പത്തിക ക്രമക്കേടുകളും ഗുരുതരമായ നിയമലംഘനങ്ങളും
റിപ്പോർട്ടിലുണ്ട്. അന്വേഷണ റിപ്പോർട്ടിന്മേൽ ബാങ്ക് ഭരണസമിതി പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ വിശദീകരണവും വകുപ്പ് രേഖപ്പെടുത്തിയതായാണു വിവരം










