മണ്ണാർക്കാട്: മണ്ണാർക്കാട് താലൂക്കിനെ വിഭജിച്ച് അട്ടപ്പാടിക്ക് മാത്രമായി പുതിയ താലൂക്ക് നിലവിൽ വന്നു. ബുധനാഴ്ച്ചയാണ് ഉത്തരവ് സംസ്ഥാന സർക്കാർ പുറത്തിറക്കിയത്.
അട്ടപ്പാടി മേഖലയിൽ പകുതിയിലധികവും വനഭൂമിയാണ്. ആലപ്പുഴ ജില്ലയേക്കാൾ വലിപ്പമുണ്ട് അട്ടപ്പാടിക്ക്. ഒരു ലക്ഷത്തോളം വരുന്ന ജനസംഖ്യയിൽ 33000 ത്തിലധികം ആദിവാസി കളാണെന്ന പ്രത്യേകതയും അട്ടപ്പാടിക്കുണ്ട്.
അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത്, അഗളി, പുതൂർ, ഷൊളയൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ, അഗളി, കള്ളമല, പാടവയൽ, പുതൂർ, കോട്ടത്തറ, ഷോളയൂർ എന്നീ വില്ലേജുകൾ എന്നിവ ഉൾപ്പെടുന്നതാണ് പുതിയ അട്ടപ്പാടി താലൂക്ക്.
184 ആദിവാസി ഊരുകളുള്ള മേഖലകൂടിയാണ് അട്ടപ്പാടി. പുരാതന ഇരുള, കുറുമ്പ,മുടുക വിഭാഗക്കാരാണ് ഇവർ. പുതിയ താലൂക്ക് ഇവരുടെ സംരക്ഷണത്തിന് കൂടുതൽ ഫലവത്താവും. കൂടാതെ എല്ലാ ആവശ്യങ്ങൾക്കും 70 കിലോമീറ്ററോളം യാത്ര ചെയ്ത് മണ്ണാർക്കാട് എത്തേണ്ട ഗതികേടും ഇല്ലാതാവും.