പ്രതികൾ ബിജെപി അനുഭാവികൾ, രാഷ്ട്രീയ പ്രേരിതമെന്ന് പോലിസ്
സിപിഎം പ്രാദേശിക നേതാവ് ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം രാഷ്ട്രീയ പ്രേരിതമാണെന്നും എട്ടു പ്രതികളും ബിജെപി അനുഭാവികളുമാണെന്ന് പോലിസ്.
വ്യക്തിവിരോധത്തെ തുടർന്നുള്ള
കൊലപാതകമാണെന്നായിരുന്നു പോലിസ്
നേരത്തേ അഭിപ്രായപ്പെട്ടിരുന്നത്. പ്രതികളുടെ കസ്റ്റഡി അപേക്ഷയിലാണ് ആദ്യ വാദത്തിൽനിന്നു മലക്കംമറിഞ്ഞ് രാഷ്ട്രീയ പ്രേരിതമായ
കൊലപാതകമെന്നാണ് വ്യക്തമാക്കുന്നത്. ഒന്നു മുതൽ എട്ട് വരെയുളള പ്രതികൾ ബിജെപി അനുഭാവികളാണെന്നും രാഷ്ട്രീയ വിരോധം മൂലമാണ് സിപിഎം പ്രവർത്തകനായ ഷാജഹാനെ വെട്ടിക്കൊന്നതെന്നും കസ്റ്റഡി അപേക്ഷയിൽ പറയുന്നു.
കുന്നാങ്കാട് ബ്രാഞ്ച് സെക്രട്ടറി ഷാജഹാൻ
കൊല്ലപ്പെടാൻ കാരണം പാർട്ടിയിലെ വളർച്ചയിൽ പ്രതികൾക്ക് ഉണ്ടായ വിരോധമാണെന്നായിരുന്നു പാലക്കാട് എസ്പി നേരത്തെ നടത്തിയ വെളിപ്പെടുത്തൽ. ഷാജഹാൻ ബ്രാഞ്ച് സെക്രട്ടറി ആയതോടെ പ്രതികളുടെ ശത്രുത കടുത്തുവെന്നും പ്രാദേശികമായി ഉണ്ടായ ചില തർക്കങ്ങളാണ് പെട്ടന്നുള്ള കൊലയിൽ കലാശിച്ചതെന്നുമാണ് അന്ന് പൊലീസ് വ്യക്തമാക്കിയത്.