ചെർപ്പുളശ്ശേരി: കിടപ്പിലായ അമ്മയുടെ ചികിത്സക്ക് പണം കണ്ടെത്താൻ മുഖചിത്രം വരച്ചു നൽകുകയാണ് നെല്ലായ മാരായമംഗലം കെ.ടി. പടി വടക്കേപുരക്കൽ വീട്ടിൽ ഹരിക്കുട്ടൻ (34) ..
അഞ്ചു മാസം മുമ്പ് ശുചി മുറിയിൽ വീണതിനെ തുടർന്ന് ഇടത്തേ കാലിന്റെ തുടയെല്ല് പൊട്ടി പൂർണമായും കിടപ്പിലാണ് ഹരിക്കുട്ടന്റെ അമ്മ നാരായണി (68). നാരായണിക്ക് എണീച്ചു നടക്കാനോ വീട്ടുജോലികൾ ചെയ്യാനോ ഒന്നും സാധ്യമല്ല. ഹരിക്കുട്ടൻ തന്നെയാണ് എല്ലാത്തിനും ആശ്രയം.
ഹരിക്കുട്ടന് നാലു വയസുള്ളപ്പോൾ അച്ഛൻ കൃഷ്ണൻ മരിച്ചതാണ്. പിന്നീട് അമ്മയായിരുന്നു എല്ലാം. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞതോടെ ഹരിക്കുട്ടൻ മരപ്പണിയിലേക്ക് തിരിഞ്ഞു. എന്നാൽ അമ്മ വീണ് കിടപ്പിലായതോടെ ഹരിക്കുട്ടന് ജോലിക്ക് പോകാൻ പറ്റാതായി . ഇതോടെ നിത്യ ചിലവിനും, ചികിത്സക്കുമെല്ലാം വഴിമുട്ടിയതോടെയാണ് ചിത്രം വരയിലേക്ക് തിരിഞ്ഞത്. സുഹൃത്തുക്കളിൽ ചിലരാണ് ഹരിക്കുട്ടനോട് ഇങ്ങനെയൊരു ആശയം പറഞ്ഞത്.
സ്കൂൾ പഠനകാലത്ത് നന്നായി ചിത്രം വരക്കുമായിരുന്ന ഹരിക്കുട്ടൻ ഇപ്പോഴിത് ജീവിത മാർഗ്ഗമാക്കിയിരിക്കുകയാണ്. ആവശ്യക്കാർക്ക് അവരുടെ മുഖ ചിത്രം വരച്ചു നൽകും.. ഇരുനൂറ് രൂപയാണ് പ്രതിഫലമായി വാങ്ങുന്നത്. വാട്സാപ്പിലൂടെ ചിത്രം അയച്ചു കൊടുത്താൽ മതി. പെൻസിൽ ഡ്രോയിംഗാണ് കൂടുതലും ചെയ്യുന്നത്.
വരച്ച ചിത്രങ്ങൾ ഫ്രെയിം ചെയ്തു നൽകുന്നുമുണ്ട് ഹരിക്കുട്ടൻ.
. ഇങ്ങനെ വരച്ചു കിട്ടുന്ന തുഛമായ തുക കൊണ്ടാണ് ഇപ്പോൾ ഹരിക്കുട്ടന്റെ ജീവിതവും അമ്മയുടെ ചികിത്സയും, മുന്നോട്ടു പോകുന്നത്.
ചെറിയ ഒരു ഒറ്റമുറി വീട്ടിലാണ് ഇവരുടെ താമസം. ലൈഫ് ഭവന പദ്ധതിയിലുൾപ്പെടുത്തി ഇവർക്ക് വീട്നൽകുന്നതിനുള്ള നടപടികൾ നടന്നുവരികയാണെന്ന് വാർഡ് മെമ്പർ പി.വിഷ്ണു രാജ് പറഞ്ഞു.സുഹൃത്തുക്കളും, പരിചയക്കാരുമെല്ലാം ഹരിക്കുട്ടന് എല്ലാ പിന്തുണയും, സഹായവും നൽകുന്നുണ്ട്.