അപേക്ഷ തള്ളി സുപ്രീംകോടതി രജിസ്ട്രി
ദില്ലി:വിവാദ മദ്യനയ കേസില്‍ ഇടക്കാല ജാമ്യം നീട്ടണമെന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ അപേക്ഷ അംഗീകരിക്കാതെ സുപ്രീംകോടതി രജസ്ട്രി. അറസ്റ്റിനെതിരായ ഹർജി വിധി പറയാൻ മാറ്റിയ സാഹചര്യത്തിൽ അപേക്ഷ ലിസ്റ്റ് ചെയ്യാനാകില്ലെന്നാണ് സുപ്രീംകോടതി രജിസ്ട്രി അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ അരവിന്ദ് കെജ്രിവാള്‍ ജൂൺ 2 ന് കീഴടങ്ങണം. സ്ഥിരം ജാമ്യത്തിന് വിചാരണ കോടതിയെ സമീപിക്കാൻ സുപ്രീംകോടതി നേരത്തെ നിർദേശിച്ചിരുന്നു.
ആരോഗ്യപ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇടക്കാല ജാമ്യം നീട്ടി നല്‍കമെന്ന് ആവശ്യപ്പെട്ട് കെജ്രിവാൾ ഹര്‍ജി സമർപ്പിച്ചത്. ഏഴ് കിലോ തൂക്കം കുറഞ്ഞ തനിക്ക് പിഇടി-സിടി സ്‌കാന്‍ അടക്കം മെഡിക്കല്‍ പരിശോധനകള്‍ ആവശ്യമാണെന്നും ജാമ്യം നീട്ടി നല്‍കണമെന്ന് കെജ്രിവാള്‍ ആവശ്യപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നത്. ആകെ ഇരുപത്തിയൊന്ന് ദിവസത്തെ ഇടക്കാല ജാമ്യമാണ് കോടതി കെജ്രിവാളിന് അനുവദിച്ചിരിക്കുന്നത്.
ഏഴാം ഘട്ട പോളിംഗ് അവസാനിക്കുന്ന ജൂൺ 1 വരെയായിരുന്നു ഇടക്കാല ജാമ്യം. ജൂൺ 2 ന് തിരികെ കീഴടങ്ങണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ ജാമ്യം നല്‍കണമെന്ന് കെജ്രിവാളിന്‍റെ അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി ആവശ്യപ്പെട്ടിരുന്നെങ്കിലും വോട്ടെടുപ്പ് വരെ ജാമ്യം മതിയാകുമെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു. ഇഡിയുടെ ശക്തമായ എതിർപ്പ് തള്ളിയാണ് കോടതി കെജ്രിവാളിന് ജാമ്യം നൽകിയത്.