ഒറ്റപ്പാലം
ഭാരതപ്പുഴയിൽ കണ്ടുകിട്ടിയ എംബിബിഎസ് വിദ്യാർഥിയുടെ മൃതദേഹം കരക്ക് എത്തിക്കാൻ സിവിൽ ഡിഫൻസ് അംഗങ്ങൾ നീന്തിയത് അഞ്ച് കിലോമീറ്റർ. ചേലക്കര മുഖാരിക്കുന്ന് പാറയിൽ മാത്യു അബ്രാഹാ (22) മിന്റെ മൃതദേഹമാണ് കണ്ടെടുത്തത്.
മാന്നന്നൂർ ഉരുക്കു തടയണക്കു 50 മീറ്റർ അകലെനിന്നാണ് മൃതദേഹം കണ്ടത്. ചൊവാഴ്ച് രാവിലെ 6.30 ന് തിരച്ചിൽ ആരംഭിച്ചു. ഏഴിന് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി. മാന്നന്നൂർ തടയണക്കു സമീപം മൃതദേഹം കയറ്റിയാൽ അരകിലോമീറ്റർ പാടവരമ്പിലൂടെ നടക്കണം. പിന്നീട് മാന്നന്നൂർ റെയിൽവേ സ്റ്റേഷൻ കടന്നു വാഹനത്തിലെത്തിക്കണം. ഇതേ തുടർന്നാണ് ഭാരതപ്പുഴയിലൂടെ നീന്തി വാഹനസൗകര്യമുള്ള ഷൊർണൂർ ശാന്തിതീരം ശ്മശാനത്തിനു സമീപം മൃതദേഹം എത്തിച്ചത്.
തിരുവേഗപ്പുറ പൈലിപ്പുറം പട്ടർമാർ തൊടിയിൽ ഷെറീഫ് (52), സഹോദരൻ ഹംസ ( ബാബു–– 38), ഹംസയുടെ മക്കളായ മുഹമ്മദ് അജ്മൽ (17), മുഹമ്മദ് അൻസിൽ (15) എന്നിവരാണ് മുങ്ങി ത്തപ്പിയത്. ഫയർ ഫോഴ്സിൽനിന്ന് പരിശീലനം നേടിയ സിവിൽ ഡിഫൻസ് അംഗങ്ങളാണിവർ. ആലപ്പുഴ അമ്പലപ്പുഴ കരൂർ വടക്കേപുളിക്കൽ ഗൗതം കൃഷ്ണനാ (23) യുള്ള തിരച്ചിൽ ഊർജിതമാക്കി.
മഹേഷ് കുമാറിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ നിന്നെത്തിയ നേവി സംഘം, ഷൊർണൂർ, തൃശൂർ, ചിറ്റൂർ എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർ ഫോഴ്സ് സംഘം, എൻഡിആർഎഫ്, സിവിൽ ഡിഫൻസ്, സ്കൂബ ഡൈവിങ്, ബോട്ട് ഫയർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും ഭാരതപ്പുഴയുടെ വിവിധിടങ്ങളിൽ തിരച്ചിൽ തുടരുന്നു.