നെല്ലിയാമ്പതി: കമ്പിപ്പാലം വെള്ളച്ചാട്ടത്തിൽ കാൽവഴുതിവീണ ജയരാജിന്റെ മൃതദേഹം പുറത്തെത്തിച്ചത് സാഹസികമായി. കൊല്ലങ്കോട് അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ ഒരു മണിക്കൂർ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
വെള്ളച്ചാട്ടത്തിൽ നിന്ന് 500 മീറ്റർ താഴെയായാണ് പാറക്കെട്ടുകൾക്കിടയിൽനിന്ന് മൃതദേഹം കണ്ടെത്തിയത്. വെള്ളച്ചാട്ടത്തിന്റെ വശങ്ങളിലൂടെയും ചെങ്കുത്തായ വഴികളിലൂടെ വടംകെട്ടിയാണ് അഗ്നി രക്ഷാസേന അംഗങ്ങളും വനപാലകരും താഴേക്ക് തിരച്ചിലിനായി ഇറങ്ങിയത്.
കനത്തമഴയിൽ ചെളിയും അട്ടയും നിറഞ്ഞ വനഭാഗത്ത് കാട് വെട്ടിത്തെളിച്ചാണ് പരിശോധന നടത്തിയത്. മൃതദേഹം കണ്ടെത്തിയതോടെ വടിയുപയോഗിച്ച് കെട്ടി വടത്തിലൂടെ കുത്തനെയുള്ള വഴിയിലൂടെ അരമണിക്കൂർ പരിശ്രമത്തിനൊടുവിലാണ് ചുരം പാതയിലെത്തിച്ചത്.
കൊല്ലങ്കോട് അഗ്നിരക്ഷാസേന സീനിയർ ഫയർ ഓഫീസർ സായ് കൃഷ്ണ, ഫയർ ഓഫീസർമാരായ എസ്. ശിവകുമാർ, എം. മനോജ് കുമാർ, രതീഷ്, രാംദാസ്, പോത്തുണ്ടി സെക്ഷൻ ഫോറസ്റ്റർ ബി. സജയകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെത്തിച്ചത്.
വീഡിയോ കാണാം