വാളയാർ.
വാളയാർ റെയിൽവേ സ്റ്റേഷനു സമീപം ബി ലൈൻ ട്രാക്കിൽ ട്രെയിനിടിച്ച് ആറു പശുക്കൾ ചത്തു. നാലു പശുക്കൾക്ക് ഗുരുതര പരിക്കേറ്റു. ലോക്കോ പൈലറ്റിന്റെ ഇടപെടലിനെ തുടർന്ന് ട്രെയിൻ പാളം തെറ്റിയില്ല. വൻ അപകടം ഒഴിവായി.
ഞായറാഴ്ച വൈകിട്ട് 4.15 നാണ് അപകടം. തിരുവനന്തപുരത്തുനിന്ന് സെക്കന്തരാബാദിലേക്ക് പോയ ശബരി എക്സ്പ്രസാണ് അപകടത്തിൽപ്പെട്ടത്. കാട്ടിൽ മേഞ്ഞ കന്നുകാലിക്കൂട്ടം ട്രെയിൻ വരുന്നതിനിടെ ട്രാക്കില്‍ കയറിയതാണു അപകടകാരണം.
പശുക്കൾ ചക്രത്തിൽ കുരുങ്ങിയതിനാൽ അമ്പത് മീറ്റർ നീങ്ങിയാണ് ട്രെയിൻ നിർത്താനായത്. എൻജിനിയറിങ് വിഭാഗം ഉദ്യോഗസ്ഥരും ട്രാക്ക്മാന്‍മാരും അര മണിക്കൂർ ശ്രമിച്ചാണ് പശുക്കളെ ട്രാക്കിൽനിന്ന് മാറ്റിയത്. ചക്രങ്ങളിലെ ബെൽറ്റുകളിലൊന്നിന് തകരാർ സംഭവിച്ചെങ്കിലും ഉടൻ പരിഹരിച്ചു. അപകടത്തെ തുടർന്ന് മൂന്ന് ട്രെയിനുകൾ അര മണിക്കൂർ വൈകി.
രണ്ട് മാസം മുമ്പും ഇതേ സ്ഥലത്ത് ട്രെയിനിടിച്ച് നാല് പശുക്കൾ ചത്തു. ട്രാക്കിനു സമീപം പശുക്കളെ മേയ്ക്കാൻ വിടുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് റെയിൽവേ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അപകടം ആവർത്തിക്കുന്നു.









