വരോട് വടക്കുമുറിയിലെ വൃദ്ധസദനത്തിൽ വയോധികൻ കൊല്ലപ്പെട്ട നിലയിൽ. എറണാകുളം സൗത്ത് പുതുവൈപ്പിൻ കളത്തിൽപറമ്പിൽ ചന്ദ്രദാസ് (86) ആണു കൊല്ലപ്പെട്ടത്. അന്തേവാസി പാലാ രാമപുരം കിഴക്കേടത്ത് ബാലകൃഷ്ണൻ നായരെ (80) പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെയാണു തലയ്ക്ക് അടിയേറ്റ നിലയിൽ കട്ടിലിനു താഴെ ചന്ദ്രദാസിന്റെ മൃതദേഹം കണ്ടത്. രാത്രി പന്ത്രണ്ടോടെ ചന്ദ്രദാസും ബാലകൃഷ്ണൻ നായരും തമ്മിലുണ്ടായ വാക്കുതർക്കം കൊലപാതകത്തിലേക്കു നയിച്ചെന്നു പൊലീസ് അറിയിച്ചു. രാത്രി ബഹളം കേട്ടിരുന്നതായി അന്തേവാസികളിൽനിന്നു വിവരം ലഭിച്ചിട്ടുണ്ട്. കാരണം വ്യക്തമായിട്ടില്ല. മരപ്പലക ഉപയോഗിച്ചുള്ള മർദനമാണു മരണത്തിലേക്കു നയിച്ചതെന്നാണു പൊലീസ് സംശയം. മരപ്പലകയും സംഭവസമയത്തു ബാലകൃഷ്ണൻ നായർ ധരിച്ചിരുന്ന വസ്ത്രങ്ങളും പൊലീസ് കണ്ടെടുത്തു.