കുടുംബ വഴക്ക് കറിക്കത്തി കുത്തിക്കയറി ഗൃഹനാഥൻ മരിച്ചു
കൊഴിഞ്ഞാമ്പാറ ∙ വഴക്കിനിടെ അബദ്ധത്തിൽ കറിക്കത്തി ദേഹത്തു കുത്തിക്കയറി ഗൃഹനാഥൻ മരിച്ചു. സംഭവത്തിൽ മൂത്ത മകൾ അറസ്റ്റിൽ. ആർവിപി പുതൂർ മുത്തുകൗണ്ടർകളം എസ്. കാളിയപ്പൻ (57) ആണു മരിച്ചത്. ഇന്നലെ രാവിലെ 6 മണിയോടെ കാളിയപ്പന്റെ വീട്ടിലാണു സംഭവം. കാളിയപ്പന്റെ മകൾ മാലതിയെ (23) കൊഴിഞ്ഞാമ്പാറ പൊലീസ് അറസ്റ്റ് ചെയ്തു. കാളിയപ്പന്റെ ഭാര്യയെയും മക്കളെയും പൊലീസ് സ്റ്റേഷനിലെത്തിച്ചു ചോദ്യംചെയ്യുന്നതിനിടെയാണു മാലതി സംഭവം പറഞ്ഞത്.
മദ്യപിച്ചെത്തിയ കാളിയപ്പൻ ഭാര്യയും മക്കളുമായി വഴക്കിടുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. വീട്ടുകാർ കാളിയപ്പനെ പുറത്താക്കി വാതിലടച്ചു. ഇന്നലെ രാവിലെ വാതിൽ തുറക്കാൻ ആവശ്യപ്പെട്ടു വീണ്ടും ബഹളം വച്ചു. വാതിൽ തുറന്നതോടെ പച്ചക്കറി മുറിക്കുകയായിരുന്ന മാലതിയുടെ കഴുത്തിൽ കാളിയപ്പൻ പിടിച്ചു ഞെരിച്ചു. തുടർന്നുണ്ടായ പിടിവലിക്കിടെ മാലതിയുടെ കയ്യിലുണ്ടായിരുന്ന കത്തി അബദ്ധത്തിൽ കാളിയപ്പന്റെ ശരീരത്തിൽ കുത്തിക്കയറുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ഇടതു നെഞ്ചിന്റെ താഴെയാണു മുറിവേറ്റത്.