ആദ്യദിവസത്തെ വെടിവെപ്പിൽ മൂന്ന് മാവോവാദികളാണ് മരിച്ചത്. രണ്ടാം ദിവസം പോലീസും മാവോവാദികളും തമ്മിലുള്ള ഏറ്റുമുട്ടലിലാണ് കബനിദളത്തിന്റെ മാവോവാദി നേതാവ് കൊല്ലപ്പെടുന്നത്. വെടിവെപ്പുണ്ടാകുന്നതിന്റെ തലേന്നുവരെ കാട്ടിലെ നെല്ലിക്കയും ഔഷധവേരുകളും ശേഖരിച്ചാണ് ഊരുകാർ ജീവിച്ചിരുന്നത്. നാല് മാവോവാദികൾ വെടിവെപ്പിൽ മരിച്ചതോടെ ഒരുമാസത്തോളം ഊരുകാർക്ക് വനത്തിലേക്ക് കന്നുകാലിമേക്കാനും വനവിഭവങ്ങൾക്കായി പോകുന്നതിനും ഭയമായിരുന്നു. ഇപ്പോൾ പഴയ ഊരിന്റെ അന്തരീക്ഷം തിരികെയെത്തിത്തുടങ്ങിയിട്ടുണ്ട്.
മഞ്ചിക്കണ്ടി ഉൾവനത്തിൽനിന്ന് ശേഖരിക്കുന്ന നെല്ലിക്ക അട്ടപ്പാടിയിലെ കമ്പോളങ്ങളിൽ നൽകും. ഔഷധവേരുകൾ തമിഴ്നാട് ഉൾപ്പെടെയുള്ള കച്ചവടക്കാർ കൊണ്ടുപോകുന്നു. പോലിസോ മാവോവാദികളോ ഇപ്പോൾ വരുന്നില്ലെന്നാണ് ഊരുകാർ പറയുന്നത്.