വിവരാവകാശ നിയമത്തിന് 15 വയസ്സ്… പഴകുംതോറും തിളക്കം കൂടുമെന്ന് പറയുന്നത് വിവരാവകാശ നിയമത്തിന്റെ കാര്യത്തിൽ ബാധകമല്ല. പോയി പോയി പ്രധാന പെട്ട ഒരു വിവരവും നൽകില്ലായെന്നായിട്ടുണ്ട്. അടുത്ത ഒരു പത്തുകൊല്ലം കഴിയുമ്പോൾ രാജ്യത്ത് വിവരാവകാശ നിയമം എന്നൊന്നുണ്ടായിരുന്നു എന്നതാവും സംസാരം.
പൗരന് രാജ്യത്ത് ലഭിച്ചിരുന്ന ഏറ്റവും വലിയ അവകാശങ്ങളിൽ ഒന്നായിരുന്നു വിവരാവകാശം എന്നത്. നിയമം വഴി ലഭിക്കുന്ന വിവരങ്ങൾ മുഖേന അഴിമതിക്കെതിരെ പടവെട്ടുവാനും, അഴിമതിക്കാർക്ക് ഭീഷണിയാകുവാനും കഴിയുമായിരുന്ന ഇടത്തിൽ നിന്നും മിക്ക വിവരങ്ങളും നൽകേണ്ടതില്ല എന്ന നിലയിലേക്ക് ഈ നിയമത്തെ മാറ്റി കൊണ്ടിരിക്കുന്നു.
ജനാധിപത്യ വാദികളെന്നു അവകാശ പെടുന്നവർക്കും, കാവിക്കാർക്കും, പ്രാദേശിക പാർട്ടികൾക്കും എന്തിന് ഇടതു പാർട്ടികൾക്കും ഭരണം കിട്ടിയാൽ എങ്ങനെ വിവരങ്ങൾ നല്കാതിരിക്കാം എന്നതിലാണ് ശ്രദ്ധ.
വിവരാവകാശികളുടെ കൂട്ടായ്‌മകളും, സംഘടനകളും അനവധിയുണ്ട്. രാഷ്ട്രീയ പാർട്ടികളെ പോലെ സംഘടനകൾ പെരുകുന്നുണ്ടെങ്കിലും, വിവരാവകാശ നിയമം സംരക്ഷിക്കുവാനുള്ള ചെറിയൊരു ജനകീയ മുന്നേറ്റങ്ങൾ പോലും നടത്തുവാൻ കഴിയാതെ, തമ്മിൽ തമ്മിൽ കുറ്റപ്പെടുത്തി നീങ്ങുന്ന കുറെ സംഘടനകൾ.
ചിലർക്ക് വിവരാവകാശം പണമുണ്ടാക്കുന്നതിനുള്ള മാർഗ്ഗമായി മാറി. എങ്ങനെ വിവരാവകാശം അപേക്ഷിക്കാമെന്നും, എങ്ങനെ കൊടുക്കാതിരിക്കാമെന്നും ഒരാൾ തന്നെ ക്ലാസുകൾ എടുക്കുന്ന തമാശകൾ ആണിവിടെ നടക്കുന്നത്. അപേക്ഷ എഴുതി കൊടുത്ത് പണം വാങ്ങുന്നവർ വേറെ.. വിവരാവകാശ നിയമത്തെ സംരക്ഷിക്കുന്നതിനുള്ള ജനകീയ മുന്നേറ്റങ്ങൾ സംഘടിപ്പിക്കേണ്ടതിന് പകരം, നേതാക്കൾക്ക് വിവരാവകാശ നിയമത്തെ കുറിച്ചുള്ള ക്ലാസുകൾ ഫീസു വാങ്ങി നടത്തുന്നതിനുള്ള സൂത്രപണികൾ മാത്രമാകുകയാണ് മിക്ക സംഘടനകളും.
വിവരാവകാശ നിയമത്തിന് മരണമണി മുഴുങ്ങി കഴിഞ്ഞു.