കോവിഡ് മഹാമാരി ആറ് മാസങ്ങൾ പിന്നിടുമ്പോൾ വ്യാപാരി സമുഹം ആത്മഹത്യയുടെ വക്കിൽ. കേന്ദ്ര-കേരള സർക്കാരുകൾ അടിയന്തിരമായി ഇടപെടണം.
ജോബി വി ചുങ്കത്ത്.
പാലക്കാട്:
കഴിഞ്ഞ ആറ് മാസമായി കോവിഡ് രോഗവ്യാപനം തടയുന്നതിന്നായി കേന്ദ്ര, കേരള സർക്കാറുകൾ നടപ്പിലാക്കിയ നിയന്ത്രണങ്ങൾ കോവിഡിന്റെ സമൂഹ വ്യാപനം തടഞ്ഞ് നിർത്താൻ സാധ്യമായി എങ്കിലും കേരളത്തിലെ വ്യാപാര മേഖല തകർന്നിരിക്കുകയാണ്. ആരോഗ്യ വകുപ്പും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജാഗ്രതാപൂർവ്വം നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നതോടൊപ്പം തന്നെ
കണ്ടയിൻമെന്റ് സോണുകളിൽ നടപ്പാക്കപ്പെട്ട നിയന്ത്രണങ്ങളിൽ കടകൾ മാത്രം അടഞ്ഞുകിടക്കുന്ന അവസ്ഥ പ്രതിഷേധാത്മക വുമാണ്.
പല ടൗണുകളിലും റോഡിന്റെ ഒരു വശം മാത്രം അടച്ചിടുകയും മറുവശം തുറക്കുകയും ചെയ്യുന്ന രീതി തീർത്തും ഗുണകരമല്ലാത്തതാണ്.
കോവിഡിന്റെ പ്രഹരം മൂലം കേരളത്തിലെ അങ്ങാടികളും ,വ്യാപാരികളും, തൊഴിലാളികളും വലിയ ദുരിതത്തിലാണ്.
കോവിഡിനെ നിയന്ത്രണ വിധേയമാക്കാൻ സർക്കാറും, വിവിധ വകുപ്പുകളും നടത്തുന്ന കഠിന പ്രയത്നങ്ങൾ മനസ്സിലാക്കി നിയമങ്ങൾ അനുസരിച്ച് കോവിഡിനൊപ്പം ജീവിക്കാൻ ജനങ്ങൾ സ്വയം പ്രാപ്തരാവുകയാണ് വേണ്ടത്.
തികച്ചും ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ പൂർണ്ണമായ അടച്ചിടൽ പരിഹാരമല്ല. അന്യസംസ്ഥാനങ്ങളെ ആശ്രയിക്കാതെ കേരളത്തിൽ ജന ജീവിതം അസാധ്യമാണ്. നിയന്ത്രണങ്ങളുടെ ഭാഗമായി കണ്ടെയിൻമെൻറ് സോണുകൾ പ്രഖ്യാപിക്കുന്ന പ്രദേശങ്ങളിൽ ആയത് നടപ്പിലാക്കുന്നതിന് മുമ്പായി പ്രദേശത്തെ വ്യാപാരി സംഘടനാ പ്രതിനിധികളുമായി കൂടി ആലോചിക്കുന്നതിന് ജില്ലാ, താലൂക്ക് തല ദുരന്തനിവാരണ സമിതികൾക്കും, ജില്ലാ കലക്ടർമാർക്കും സർക്കാർ നിർദേശം നൽകണമെന്ന് ആവശ്യപ്പെടുന്നു.
കഴിഞ്ഞ ആറ് മാസത്തെ വ്യാപാരി കളുടെ ദുരിതപൂർണ്ണമായ അവസ്ഥയിൽ ഒരു നിലക്കുo ആശ്വാസം നൽകാതെ സർക്കാർ വകുപ്പുകളും, ബാങ്കുകളും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വ്യാപാരി സമൂഹത്തെ ദ്രോഹിക്കുന്ന സമീപനമാണ് കൈകൊള്ളുന്നത്. ഇത് ഏറെ, പ്രതിഷേധാർഹമാണ്.
ഇല്ലാതായ വാറ്റ് നിയമത്തിന്റെ പേരിലും, നടപ്പിലുള്ള ജി.എസ്.ടിയുടെ പേരിലും വ്യാപാരികൾക്ക് നോട്ടീസും, പിഴ നോട്ടീസുകളും നിരന്തരം അയച്ചു കൊണ്ടിരിക്കുകയാണ്.ഇമെയിൽ സന്ദേശമായി അയക്കുന്ന നോട്ടീസുകൾ പലപ്പോഴും എല്ലാ വ്യാപാരികൾക്കും നോക്കാൻ അറിവുണ്ടാകണമെന്നില്ല. ദിവസങ്ങൾക്ക് ശേഷം കണക്കെഴുതുന്നവർ നൽകുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് പല വ്യാപാരികളും ഇത്തരം നോട്ടീസ് സംബന്ധിച്ച് അറിയുന്നത്. അപ്പോഴേക്കും വൻതുക പലിശ ഇനത്തിലും ചേർക്കപ്പെട്ടിട്ടുണ്ടാവും. ഇപ്പോൾ ജി.എസ്.ടി.വകുപ്പ് 2016-17 മുതൽ ഇൻപുട് ടാക്സ് ക്രഡിറ്റിന് വേണ്ടി അപ് ലോഡ് ചെയ്ത ബില്ലുകളിലെ വ്യത്യാസത്തിന് വലിയ പിഴയും, പലിശയും ചേർത്ത് നോട്ടീസ് അയച്ചു കൊണ്ടിരിക്കുന്നു.
ജി.എസ്.ടി ആരംഭ കാലത്ത് റജിസ്ട്രേഷന് വേണ്ടി ബാങ്ക് അക്കൗണ്ട് നിഷ്കർ ശിക്കുകയും, ബാങ്കുകൾ സീറോ ബാലൻസ് അക്കൗണ്ട് പ്രോൽസാഹിപ്പിക്കുകയും ചെയ്തു. എന്നാൽ കഴിഞ്ഞ കുറെ മാസങ്ങളായി യാതൊരു മുന്നറിയിപ്പുമില്ലാതെ നോൺ ബാലൻസ് അക്കൗണ്ട് എന്ന പേരിൽ വൻ തുകകൾ ചാർജ് ചെയ്യുന്ന അവസ്ഥയാണ് നിലവിലുള്ളത്. കോവിഡ് നിയന്ത്രണങ്ങൾ മൂലം നഷ്ടപ്പെട്ട മാസക്കണക്കിനുള്ള വ്യാപാര ദിനങ്ങൾ പോലും വകവെക്കാതെ മറ്റനേകം സാമ്പത്തിക പ്രയാസങ്ങളിൽ പെട്ട് ഉഴലുന്ന വ്യാപാരികൾക്ക് നൽകുന്ന പ്രഹരമാണ് ഇത്തരം നോട്ടീസുകളും, ചാർജുകളും. സംസ്ഥാനത്തിന്റെ ഖജനാവ് നിറക്കുന്ന വ്യാപാര സമുഹത്തെ സഹായിക്കാൻ തയ്യാറാകാത്ത സർക്കാർ, ഇത്തരം ജനദ്രോഹ നടപടികളിൽ നിന്നും പിൻ വാങ്ങണമെന്നും, ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിത മാർഗ്ഗമായ വ്യാപാര മേഖലയെ സംരക്ഷിച്ച് നില നിർത്താൻ ആശ്വാസ പദ്ധതികൾ ഉടൻ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെടുന്നു.
മൊറൊട്ടോറിയം പ്രഖ്യാപിച്ചു എങ്കിലും ബാങ്കുകൾ അവരവരുടെ തന്നിഷ്ട്ടപ്രകാരമാണ് വ്യാപാരികൾക്ക് അനുവദിച്ചത്. ഇപ്പോൾ മൊറട്ടോറിയം കാലാവധി പിന്നിടുമ്പോൾ പലിശക്ക് കൂട്ടു പലിശ ചേർക്കുന്ന നടപടികളാണ് ബാങ്കുകൾ കൈക്കൊള്ളുന്നത്. കേന്ദ്ര ഗവൺമെന്റ് പ്രഖ്യാപിച്ച ധനാശ്വാസ നടപടികളൊന്നും തന്നെ കേരളത്തിലെ ചെറുകിട-ഇടത്തരം വ്യാപാര മേഖലക്ക് ഗുണം ചെയ്തിട്ടില്ല. നിലവിലുള്ള വ്യാപാര വായ്പകളിൽ 20% അധിക വായ്പ അനുവദിച്ചു എങ്കിലും അവിടെയും ബാങ്കുകൾ വിഭാഗീയത കാണിച്ച് അവർക്ക് താൽപ്പര്യമുള്ളവർക്ക് നൽകുകയും, അതിൽ തന്നെ മൊറോട്ടോറിയം കാലയളവിലെ പലിശ പിടിച്ച് ബാക്കി തുകയാണ് ലഭ്യമാക്കിയത്.ഇപ്പോൾ മൊറോട്ടോറിയം കാലാവധി കഴിഞ്ഞപ്പോൾ തന്നെ ബാങ്കുകളിൽ നിന്നും നിരന്തരമായി വിളിച്ച് വായ്പകൾ തിരിച്ചടക്കുന്നതിന് ഭീഷണിപ്പെടുത്തി നിർബന്ധിക്കുന്ന അവസ്ഥയാണ്. സീറോ ബാലൻസ് അക്കൗണ്ടുകൾ പോൽസാഹിപ്പിച്ച് ഇപ്പോൾ മുന്നറിയിപ്പില്ലാതെ നോൺ ബാലൻസ് ചാർജും, നഗര-ഗ്രാമ മേഖലകളെ തരം തിരിച്ച് മിനിമം ബാലൻസ് മെയിൻറനൻസ് എന്ന പേരിൽ മാസംതോറും പ്രത്യേക ചാർജുകളും ഈടാക്കുന്ന ബാങ്കുകളുടെ ഇത്തരം കാടത്തപരമായ നടപടികൾ വ്യാപാരികൾക്ക് മാനസിക സമ്മർദ്ദം വർധിപ്പിക്കുകയും, വ്യാപാരികളുടെ മാനസിക നില തെറ്റുന്ന അവസ്ഥകളും ഉണ്ടാക്കുന്നു.
വ്യാപാരികളെ സംബന്ധിച്ചിടത്തോളം വ്യാപാര വായ്പക്ക് പുറമെ ഭവന, വാഹന, വിദ്യാഭ്യാസ വായ്പകളും നിലവിലുണ്ടാകും. പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ എല്ലാവരുമാനങ്ങളും നിലച്ച വ്യാപാരിയെ സംബന്ധിച്ചിടത്തോളം എല്ലാ വായ്പകളും അടക്കാൻ നിലവിലെ സാഹചര്യത്തിൽ സാധ്യമല്ല. കോവിഡ് മഹാമാരിക്കെതിരെ സുലഭമായി മരുന്ന് ലഭ്യമായി ജനങ്ങളുടെ ഭീതിയകലാതെ, വിദേശങ്ങളിലെ ജോലി ലഭ്യത ഉറപ്പാകാതെ നമ്മുടെ നാട്ടിൽ അങ്ങാടികൾ സജീവമാകില്ല.
ഇക്കാര്യങ്ങളെല്ലാം അറിയുന്ന ഭരണവർഗ്ഗം ഇനിയും വ്യാപാരികളെ സംരക്ഷിക്കാൻ പദ്ധതികൾ പ്രഖ്യാപിക്കുയും, ചുരുങ്ങിയത് രണ്ട് വർഷത്തേക്കെങ്കിലും വായ്പാ മൊറോട്ടോറിയo അനുവദിക്കുകയും ചെയ്തില്ല എങ്കിൽ നമ്മുടെ നാട്ടിൽ വ്യാപാരി ആത്മഹത്യകൾ പെരുകും, നാട്ടിൽ വലിയ അരാജകതവും, ദുസ്സഹമായ ജനജീവിതവും സംജാതമാകും എന്നത് അധികാരികളെ ഓർമ്മപ്പെടുത്തുകയാണ്. ഒപ്പം തന്നെ ഇപ്പോൾ കേന്ദ്ര ഗവൺമെന്റ് ബഹു. സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞ 2 കോടി രൂപ വരെയുള്ള വായ്പകൾക്ക് ചുമത്തിയ കൂട്ടുപലിശ കേന്ദ്ര സർക്കാർ വഹിക്കുമെന്നത് നടപ്പാക്കുന്നത് സംബന്ധിച്ച് വിശദമാക്കണമെന്നും, ബാങ്കുകൾ ഈ അനുകൂല്യം കൃത്യമായി എല്ലാവർക്കും നൽകുന്നുണ്ട് എന്നത് നിരീക്ഷക്കുന്നതിന് സംവിധാനം ഉണ്ടാക്കണമെന്നും അഭ്യർത്ഥിക്കുന്നു.
ഈ കാലഘട്ടത്തിൽ വ്യാപാരികളെ ഏറ്റവും കൂടുതൽ സഹായിക്കേണ്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പോലും വേണ്ട രീതിയിൽ പരിഗണിക്കുന്നില്ല എന്നതിൽ ഖേദമുണ്ട്. പ്രളയ, പ്രകൃതി ദുരന്തങ്ങൾക്കിടയിലും, ലോക് ഡൗൺ സമയത്തും തദ്ദേശ സ്ഥാപനങ്ങളുമായി ഏറെ സഹകരിച്ചവരാണ് വ്യാപാരികളും, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംഘടനയും. ആറ് മാസത്തോളമായി അടഞ് കിടക്കുന്ന പല വ്യാപാര-വ്യവസായ സ്ഥാപനങ്ങളുമുണ്ട് നമ്മുടെ നാട്ടിൽ.വ്യാപാര സ്ഥാപനങ്ങൾക്ക് ലോക് ഡൗൺ സമയത്തെ വാടക കെട്ടിട ഉടമകളിൽ നിന്നും ലഭ്യമായിട്ടുണ്ട്. എന്നാൽ ഇപ്പോൾ കണ്ടെയിൻമെൻറ് സോണുകളായി പ്രഖ്യാപിക്കുന്ന പല സ്ഥലങ്ങളിലും 7 ദിവസം മുതൽ രണ്ട് മാസങ്ങൾ വരെ കടകൾ പൂട്ടിയിടേണ്ട സാഹചര്യമുണ്ട്.
അതിനൊന്നും വാടക ഇളവ് തരാൻ കെട്ടിട ഉടമകൾ തയ്യാറാകുന്നില്ല. അതിന് പ്രധാന കാരണം കെട്ടിട ഉമകൾക്ക് കെട്ടിട നികുതി ഇളവ് ലഭിക്കുന്നില്ല എന്നതാണ്.ഇതിന് പരിഹാരമായി ചുരുങ്ങിയത് ഒരു വർഷത്തെയെങ്കിലും വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങളുടെ നികുതി ഒഴിവാക്കി കൊടുക്കണം. കല്യാണമണ്ഡപങ്ങൾ, സിനിമാ തിയറ്ററുകൾ, ലോഡ്ജുകൾ എന്നിവയെയും കെട്ടിട നികുതിയിൽ നിന്നും ഒഴിവാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തീരുമാനം കൈക്കൊള്ളണം.
ഫെബ്രുവരിയിൽ വൻ തുക ഫീസ് നൽകിയും, തൊഴിൽ നികുതി അടവാക്കിയും ഡി & ഒ ലൈസൻസ് പുതുക്കിയ വ്യാപാരികൾക്ക് കച്ചവടം ചെയ്യാൻ സാധിച്ചിട്ടില്ല. ഇതുവരെയും വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് സ്ഥിരം തൊഴിൽ കൊടുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല എന്നതിനാൽ തന്നെ 2021-22 കാലയളവിലേക്കുള്ള ലൈസൻസ് ഫീസും, തൊഴിൽ നികുതിയും ഒഴിവാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്നു.
തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥയിലുള്ള കെട്ടിടങ്ങളിൽ വാടകക്ക് ഇരിക്കുന്ന വ്യാപാരികൾക്ക് മുന്ന് മാസം വരെ വാടക ഇളവ് അനുവദിച്ച് പല തദ്ദേശ സ്ഥാപനങ്ങളും തീരുമാനം എടുത്തിരുന്നു എങ്കിലും സർക്കാരിന്റെ ഔദ്യോഗിക അനുമതി ലഭിച്ചിട്ടില്ല എന്നതിന്റെ പേരിൽ ആയത് ഇതുവരെയും നടപ്പാക്കാതെ വാടക കുടിശിഖ കണക്കാക്കി വരുന്നത് ഒഴിവാക്കണമന്നും, ഈ വിഷയത്തിൽ എത്രയും പെട്ടെന്ന് സർക്കാർ ഇടപെടണമെന്നും ആവശ്യപ്പെടുന്നു.
കല്യാണമണ്ഡപങ്ങൾ ഉൾപ്പെടെ അടഞ് കിടക്കുന്ന വ്യാപാര-വ്യവസായ സ്ഥാപനങ്ങളുടെ കണക്ടഡ് ലോഡ് ചാർജ് അടക്കമുള്ള വൈദ്യുതി വകുപ്പിന്റെ ഫിക്സഡ് ചാർജുകൾ പ്രസ്തുത സ്ഥാപനങ്ങൾ അനായാസകരമായി പ്രവർത്തിക്കാൻ തുടങ്ങുന്ന കാലം വരെക്കും ഒഴിവാക്കി നൽകണമെന്നും ആവശ്യപ്പെടുന്നു.
മേൽ സൂചിപ്പിച്ച കാര്യങ്ങൾ സംബന്ധിച്ച് പ്രധാനമന്ത്രി, കേന്ദ്ര-സംസ്ഥാന സർക്കാർ അഭ്യന്തര വകുപ്പ് മന്ത്രി, ധനകാര്യ വകുപ്പ് മന്ത്രിമാർ, നഗര വികസന തദ്ദേശ വകുപ്പ് മന്ത്രിമാർ, ഊർജ -വൈദ്യതി വകുപ്പ് മന്ത്രിമാർ, ആരോഗ്യ വകുപ്പ് മന്ത്രിമാർ, തൊഴിൽ വകുപ്പ് മന്ത്രിമാർ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർക്ക് നിവേദനങ്ങളും അയച്ചതായി ജോബി – വി. ചൂങ്കത്ത് പറഞ്ഞു.