എയ്ഡഡ് ഹയർ സെക്കണ്ടറി അദ്ധ്യാപകർക്ക് അകാരണമായി ശമ്പളം വൈകിക്കുന്നു: എ.എച്ച്.എസ്. ടി.എ
പാലക്കാട്:മേഖല ഡപ്യൂട്ടി ഡയറക്ടറുടെ മേലൊപ്പ് ഇല്ല എന്ന കാരണം പറഞ്ഞ് സംസ്ഥാനത്തെ ഭൂരിഭാഗം ട്രഷറികളും എയ്ഡഡ് ഹയർ സെക്കണ്ടറി അദ്ധ്യാപകരുടെ സെപ്തംബർ മാസത്തെ ശമ്പളം നിഷേധിച്ചിരിക്കുന്നു. കോവിഡ് വ്യാപനത്തെത്തുടർന്ന് ആഫീസുകളിൽ ജീവനക്കാരുടെ എണ്ണം കുറവായ സാഹചര്യത്തിൽ പ്രിൻസിപ്പൽമാർ സ്പാർക്കിൽ നിന്നും തയ്യാറാക്കുന്ന ശമ്പള ബില്ലുകൾ മേഖല ഡപ്യൂട്ടി ഡയറക്ടറുടെ മേലൊപ്പില്ലാതെ ട്രഷറിയിൽ നേരിട്ട് മാറിയിരുന്നു. ഇത് സംബന്ധിച്ച ധനകാര്യ വകുപ്പിന്റെ ഉത്തരവിന് കഴിഞ്ഞ മാസം വരെ മാത്രമേ പ്രാബല്യം ഉള്ളൂ എന്നറിഞ്ഞിട്ടും , ഇതിനായുള്ള തയ്യാറെടുപ്പ് ഹയർ സെക്കണ്ടറി ഡയറക്ട്രേറ്റ് ബോധപൂർവ്വം വൈകിച്ചതിൽ അദ്ധ്യാപകർക്ക് വ്യാപകമായ പ്രതിഷേധമുണ്ട്. ഹൈസ്കൂൾ തലം വരെയുള്ള പ്രധാനാദ്ധ്യാപകനെ സെൽഫ് ഡ്രായിംഗ് ആഫീസർമാരാക്കി മാറ്റിയിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും എയിഡഡ് ഹയർ സെക്കണ്ടറി പ്രിൻസിപ്പൽമാരെ സെൽഫ് ഡ്രായിംഗ് ആഫീസർമാരാക്കി മാറ്റുന്നതിനുള്ള നടപടികൾ വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. മേഖലാ ഡപ്യൂട്ടി ഡയറക്ടർ ആഫീസ് തലത്തിൽ അദാലത്ത് നടത്തി സ്കൂൾ വിവരങ്ങൾ സ്പാർക്കിൽ ലോക്ക് ചെയ്യണമെന്നുള്ള സംഘടനയുടെ നിരവധി നിവേദനങ്ങൾ അധികാരികൾ ചെവിക്കൊള്ളാത്തതാണ് ഇത്തരം വീഴ്ചകൾ ഉണ്ടാക്കുന്നത് . അടിയന്തിരമായി ഈ പ്രശ്നം പരിഹരിക്കണമെന്ന് എയ്ഡഡ് ഹയർ സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആർ.അരുൺകുമാർ ,ജ.സെക്രട്ടറി എസ്.മനോജ് ,ട്രഷറർ കെ.എ. വർഗീസ് ,സെക്രട്ടറി മാത്യു കല്ലടിക്കോട്എന്നിവർ ആവശ്യപ്പട്ടു