പാലക്കാട് ഗവ.മെഡിക്കൽ കോളേജിലെ സംവരണ അട്ടിമറിയിൽ സമഗ്ര അന്വേഷണം നടത്തണം: വെൽഫെയർ പാർട്ടി
പാലക്കാട്: പട്ടികജാതി, പട്ടികവർഗ വികസന ഫണ്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന പാലക്കാട് ഗവ.മെഡിക്കൽ കോളേജിൽ ഉദ്യോഗ നിയമനത്തിൽ വലിയ സംവരണ അട്ടിമറിയാണ് നടക്കുന്നതെന്ന് വെൽഫെയർ പാർട്ടി ജില്ല എക്സിക്യൂട്ടീവ്.മെഡിക്കൽ രംഗത്ത് എസ്.സി, എസ്.ടി വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യം വെച്ചാണ് സ്ഥാപനം തുടങ്ങിയത് തന്നെ. വിദ്യാർത്ഥി പ്രവേശനത്തിലും അധ്യാപക- അനധ്യാപക നിയമനങ്ങളിലും എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് 75% സംവരണം സ്ഥാപനത്തിലുണ്ട്. എന്നാൽ ഉദ്യോഗ നിയമനത്തിൽ ഈ സംവരണ മാനദണ്ഡം പൂർണമായും ലംഘിക്കപ്പെടുകയാണ്.നിലവിൽ 10 % സംവരണം മാത്രമാണ് ഉദ്യോഗ നിയമനങ്ങളിൽ നടപ്പിലാവുന്നത്.
മുന്നോക്കക്കാർക്ക് മെഡിക്കൽ കോളേജിനെ തീറെഴുതുന്ന സമീപനമാണ് സംസ്ഥാന സർക്കാറിൽ നിന്നുമുണ്ടാകുന്നത്.സംവരണ അട്ടിമറിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം.എസ്.സി/എസ്.ടി വികസന ഫണ്ടുപയോഗിച്ച് പ്രവർത്തിച്ച് ആ വിഭാഗങ്ങളെ അവഗണിക്കുന്ന ഭരണകൂട സമീപനത്തിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് വെൽഫെയർ പാർട്ടി ജില്ല എക്സിക്യൂട്ടീവ് മുന്നറിയിപ്പ് നൽകി.
ജില്ല ആക്ടിങ് പ്രസിഡൻറ് പി.മോഹൻദാസ് അധ്യക്ഷത വഹിച്ചു.കെ.സി നാസർ, എം.സുലൈമാൻ, എ.ഉസ്മാൻ,പി.ലുഖ്മാൻ, മൊയ്ദീൻ കുട്ടി വല്ലപ്പുഴ, ആസിയ റസാഖ് എന്നിവർ സംസാരിച്ചു.