പാചക എണ്ണയുടെ പുനരുപയോഗം തടയാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കര്‍ശന പരിശോധന
പാചക എണ്ണയുടെ പുനരുപയോഗം തടയുന്നതിനായി ജില്ലയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ‘ഓപ്പറേഷന്‍ തെളിമ’ പരിശോധന ഊര്‍ജിതമാക്കി. പലഹാരങ്ങളും എണ്ണക്കടികളും നിര്‍മിക്കുന്ന യൂണിറ്റുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മൂന്ന് സ്‌പെഷ്യല്‍ സ്‌ക്വാഡുകളായാണ് പരിശോധന നടത്തിയത്. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 12 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത നാല് സ്ഥാപനങ്ങള്‍ക്ക് പിഴ നോട്ടീസും ഒരു സ്ഥാപനത്തിന് ഇമ്പ്രൂവ്‌മെന്റ് നോട്ടീസും നല്‍കി. മൊബൈല്‍ ഫുഡ് ടെസ്റ്റിംഗ് ലാബിന്റെ സഹായത്തോടെ ഒന്‍പത് പാചക എണ്ണ പരിശോധിച്ചതില്‍ ഭക്ഷ്യയോഗ്യമല്ലാത്ത 12 ലിറ്റര്‍ പാചക എണ്ണ നശിപ്പിച്ചു. ഓപ്പറേഷന്‍ തെളിമയുടെ രണ്ടാംഘട്ട പരിശോധനയാണ് പൂര്‍ത്തിയായത്. ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനായി വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ സി.എസ് രാജേഷ് അറിയിച്ചു.









