മരണസംഖ്യ ഒൻപതായി: വാൽപ്പാറ വാഹനാപകടം ഹൃദയഭേദകം സായാഹ്നം ദിനപത്രം ചീഫ് എഡിറ്റർ അസീസ് മാസ്റ്റർ
പൊള്ളാച്ചി–വാൽപ്പാറ റോഡിൽ വിനോദയാത്രാ സംഘത്തിന്റെ ടെംപോ ട്രാവലർ അപകടത്തിൽപ്പെട്ട് ഒൻപത് മലയാളികൾ മരണപ്പെട്ട സംഭവം അതീവ ദുഃഖകരവും ഹൃദയഭേദകവുമാണ്. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജിഎൽപി സ്കൂളിലെ അധ്യാപകർ ഉൾപ്പെടെയുള്ളവരാണ് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടിരിക്കുന്നത്. സന്തോഷയാത്രയായി ആരംഭിച്ചൊരു യാത്ര പാതിവഴിയിൽ ദാരുണമായി അവസാനിച്ചതിന്റെ വേദന വാക്കുകൾക്ക് അതീതമാണ്.
മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും ദുഃഖത്തിൽ സായാഹ്നം ദിനപത്രം പങ്കുചേരുന്നു. പ്രിയപ്പെട്ടവരുടെ അകാല വിയോഗം ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് കരകയറാൻ കുടുംബങ്ങൾക്ക് മനോബലം ലഭിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
അപകടത്തിൽ പരിക്കേറ്റവർക്ക് ഉചിതവും അടിയന്തരവുമായ ചികിത്സ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി തമിഴ്നാട്, കേരള സർക്കാരുകൾ ഏകോപിതമായി ഇടപെട്ട് എല്ലാ സൗകര്യങ്ങളും ഒരുക്കണം. മരണപ്പെട്ടവരുടെ ഭൗതികദേഹങ്ങൾ വേഗത്തിൽ ബന്ധുക്കൾക്ക് വിട്ടുനൽകുന്നതിനും പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സയും സഹായവും ലഭ്യമാക്കുന്നതിനും ബന്ധപ്പെട്ട അധികൃതർ മുൻകൈ എടുക്കണം.
ഈ ദാരുണസംഭവം വീണ്ടും ആവർത്തിക്കാതിരിക്കാനായി മലനിര പ്രദേശങ്ങളിലെ റോഡ് സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും ഗതാഗത നിയന്ത്രണങ്ങൾ കർശനമാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. മനുഷ്യജീവൻ നഷ്ടപ്പെടുന്ന ഇത്തരം അപകടങ്ങൾക്കു പിന്നിലെ കാരണങ്ങൾ വിശദമായി പരിശോധിച്ച് ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ കൃത്യമായ നടപടി സ്വീകരിക്കണം.








