ജനങ്ങളെ ദുരിതത്തിലാക്കിയ നഗരസഭക്കെതിരെ പാത്രം കൊട്ടി സമരവുമായി നാഷണൽ ജനതാദൾ പ്രതിഷേധം മാർച്ച്.
പാലക്കാട്: 2019 ൽ പൊളിച്ചിട്ട പാലക്കാട് മുനിസിപ്പൽ ബസ്സ്റ്റാൻ്റ് 2022 വരെ അനാഥാവസ്ഥയിൽ തുടർന്നു. സാധാരണക്കാരായ ജനങ്ങൾ മഴയും വെയിലും കൊണ്ട് ബസ്സ് കാത്തുനിന്നു. ചോദിക്കാനും പറയാനും ഒരു രാഷ്ട്രീയ പാർട്ടിയും രംഗത്തുവന്നില്ല. പാലക്കാട് എം.പി, ശ്രീ വി. കെ. ശ്രീകണ്ഠൻ ബസ്സ്റ്റാൻ്റ് നിർമ്മാണത്തിനു എം. പി. ഫണ്ടിൽ നിന്നും രണ്ടു കോടി രൂപ അനുവദിച്ചിട്ടും, അതുപയോഗിച്ച് ബസ്സ്റ്റാൻ്റ് നിർമ്മാണം നടത്താൻ ബി.ജെ.പി ഭരിക്കുന്ന പാലക്കാട് മുനിസിപ്പാലിറ്റി തയ്യാറായില്ല.
അത്തരമൊരു അവസ്ഥയിലാണ് പാലക്കാട് മുനിസിപ്പൽ ബസ്സ്റ്റാൻ്റ് ഉടനടി പുനർ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 2022 മെയ് 18ന് നാഷണൽ ജനതാദൾ അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിച്ചത്. ബസ്റ്റാൻ്റ് നിർമ്മാണം ആരംഭിക്കുന്നതുവരെ, സത്യാഗ്രഹ സമരം തുടരും എന്നു പ്രഖ്യാപിച്ചുകൊണ്ട് നാഷണൽ ജനതാദൾ ആരംഭിച്ച സത്യാഗ്രഹ സമരം മഴയത്തും വെയിലത്തും 165 ദിവസം ഒരു ദിവസം പോലും മുടക്കമില്ലാതെ തുടർന്നു. ഒടുവിൽ, മുനിസിപ്പൽ ബസ്സ്റ്റാന്റ് നിർമ്മാണം ആരംഭിക്കാനായി 29.10.2022 തീയതി പാലക്കാട് മുനിസിപ്പൽ കൗൺസിൽ തീരുമാനമെടുത്ത ശേഷം 165-ാം ദിവസമാണ് സത്യാഗ്രഹ സമരം അവസാനിപ്പിച്ചത്.
ശ്രീ വി. കെ. ശ്രീകണ്ഠൻ എം.പി അനുവദിച്ച 2 കോടി രൂപ ഉപയോഗിച്ച് ബസ്സ്റ്റാൻ്റ് നിർമ്മാണം പൂർത്തിയാക്കിയെങ്കിലും, സ്റ്റാൻ്റിനകത്തെ റോഡടക്കമുള്ള സൗകര്യങ്ങൾ ഒരുക്കേണ്ടുന്ന പാലക്കാട് മുനിസിപ്പാലിറ്റി ഇപ്പോഴും അതിനു തയ്യാറായിട്ടില്ല.
മുനിസിപ്പൽ ബസ്സ്റ്റാൻ്റ് ഉടൻ തുറക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നാഷണൽ ജനതാദൾ,
പാത്രം കൊട്ടിക്കൊണ്ട് പാലക്കാട് മുനിസിപ്പൽ ഓഫീസിലേക്ക്നടത്തിയ പ്രക്ഷോഭ മാർച്ച് ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീ കെ.ജെ നൈനാൻ ഉദ്ഘാടനം ചെയ്തു. നാഷണൽ ജനതാദൾ നേതാക്കളായ നൗഫിയ നസീർ, എ. വിൻസന്റ്, എം. എം. വർഗീസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.യു ഇർഷാദ്, നിലാവർണ്ണീസ റാഫി, ഗോപാലകൃഷ്ണൻ, പാലക്കാട് മണ്ഡലം സെക്രട്ടറി ഫിറോസ് ചിറക്കാട്, എ അഷറഫ്, ശിവാനന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു.