സിനിമ കണ്ട് തിരികെ വരാമെന്ന് പറഞ്ഞ് ശ്രീദീപ് വീട്ടിലേക്ക് വിളിച്ചിരുന്നു
വിയോഗ വാർത്ത അറിഞ്ഞതിന് പിന്നാലെ ഞെട്ടലിലാണ് പാലക്കാട് ശേഖരിപുരം. ഏക മകന്റെ വേർപാട് ഉള്‍ക്കൊള്ളനാകാതെ വിങ്ങുകയാണ് ശ്രീവിഹാർ വീട്ടില്‍ വല്‍സനും ഭാര്യ ബിന്ദുവും.
അധികം ആരോടും സംസാരിക്കാത്ത പ്രകൃതക്കാരനായിരുന്നു ശ്രീദീപ്. അച്ഛനോടൊപ്പം പുറത്തുപോകുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. അധികം ആരോടും സംസാരിച്ചില്ലെങ്കിലും കായിക രംഗത്ത് ശ്രദ്ധേയനായിരുന്നു ശ്രീദീപ്. സംസ്ഥാന ഹഡില്‍സ് താരം കൂടിയാണ് വിട പറയുന്നത്. സിനിമ കണ്ട് തിരികെ വരാമെന്ന് പറഞ്ഞ് ശ്രീദീപ് വീട്ടിലേക്ക് വിളിച്ചിരുന്നു. അവസാന കോളായിരുന്നു അതെന്ന് ആ വീട് അറിഞ്ഞില്ല. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് മകന്റെ മരണവിവരം കുടുംബം അറിയുന്നത്.
55 ദിവസങ്ങള്‍ക്ക് മുൻപാണ് ശ്രീദീപ് എംബിബിഎസ് പഠനത്തിനായി ആലപ്പുഴയിലെത്തിയത്. രണ്ടാമത്തെ ശ്രമത്തിലാണ് എൻട്രൻസിലൂടെ മെഡിക്കല്‍ പഠനത്തിന് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ എംബിബിഎസിന് പ്രവേശനം നേടിയത്. ശ്രീദീപ് ഭാരത് മാതാ സ്കൂളിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.