കല്‍പാത്തി രഥോത്സവം: മൂന്ന് ദിവസങ്ങളിലായി 1200-ഓളം പോലീസുകാര്‍ സുരക്ഷാചുമതലയില്‍;
ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി
കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് പൊതു-ഭക്തജനതിരക്ക് പരിഗണിച്ച് അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പൊലീസ് അശ്വതിജിജിയുടെ നേതൃത്വത്തില്‍ കൃത്യമായ ക്രമീകരണങ്ങളോടെ ഗതാഗത നിയന്ത്രണവും പാര്‍ക്കിങ് സൗകര്യവും ഏര്‍പ്പെടുത്തി. ജില്ലാ പൊലീസ് മേധാവി ആര്‍.ആനന്ദിന്റെ നേരിട്ടുളള നിരിക്ഷണത്തിലാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒന്നാംതേര് ദിനത്തിന് (നവംബര്‍ 13) മൂന്ന് ഡിവൈ.എസ്.പിമാരുള്‍പ്പടെ 300 -ഓളം പോലീസുകാര്‍ സുരക്ഷ ചുമതലയിലുണ്ടായിരുന്നു. ഇന്ന്(നവംബര്‍ 14) നാല് ഡിവൈ.എസ്.പിമാരുള്‍പ്പെടെ 310 പൊലീസുകാരും, നവംബര്‍ 15ന് നാല്ഡിവൈ.എസ്.പിമാരുള്‍പ്പെടെ 590 -ഓളം പോലീസുകാരും സുരക്ഷയൊരുക്കും.
നവംബര്‍ 15ന് വൈകീട്ട് അഞ്ച് മുതല്‍ രാത്രി പത്ത് വരെ ഒലവക്കോട്-ശേഖരിപുരം-കല്‍മണ്ഡപം ബൈപാസ് റോഡില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. വാളയാര്‍ ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കാര്‍ഘാടി, ഗ്യാസ്ടാങ്കറുകള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ പാലക്കാട്-വാളയാര്‍ടോള്‍ പ്ലാസ്സയിലോ, ഹൈവേയിലുള്ള മറ്റു പാര്‍ക്കിങ് ഉള്ള ഭാഗത്തോ നിര്‍ത്തിയിടേണ്ടതാണ്. മറ്റുവാഹനങ്ങള്‍, കെ.എസ്.ആര്‍.ടി.സി എന്നിവ മേലാമുറി- പറളി – മുണ്ടൂര്‍ വഴി പോകേണ്ടതാണ്. കോഴിക്കോട്, മണ്ണാര്‍ക്കാട് ഭാഗത്തുനിന്നും വാളയാര്‍ ഭാഗത്തേക്ക് പോകുന്ന കാര്‍ഘാടി, ഗ്യാസ്ടാങ്കര്‍ എന്നീ വലിയ വാഹനങ്ങള്‍ മുണ്ടൂര്‍ ഭാഗത്ത് നിറുത്തിയിടേണ്ടതും മറ്റു വാഹനങ്ങള്‍ മുണ്ടൂര്‍ കൂട്ടുപാത, പറളി വഴി പാലക്കാട് പ്രവേശിച്ച് കല്‍മണ്ഡപം- ചന്ദ്രനഗര്‍ വഴി പോകേണ്ടതുമാണെന്ന് ട്രാഫിക്ക് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം അറിയിച്ചു.