അലകടലായി സെക്രട്ടറിയേറ്റ് പടിക്കൽ നെൽകൃഷി കർഷകരുടെ യാചനാസമരവും, കൂട്ടധർണ്ണയും.
(വാർത്ത.രാമദാസ് ജി കൂടല്ലൂർ.)
തിരുവനന്തപുരം. കേരളത്തിന്റെ നെല്ലറയെന്നറിയപ്പെടുന്ന പാലക്കാടിലെ നെൽകൃഷി കർഷകരുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടറിയേറ്റ് ധർണ്ണ അലകടലായി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിച്ച ധർണ്ണ പാലക്കാട് ജില്ലാ കർഷക സംരക്ഷണ സമിതി കോർഡിനേറ്റർ പ്രഭാകരൻ ചേകോൽക്കളം ഉത്ഘാടനം ചെയ്തു. കർഷകരോടുള്ള സർക്കാരിന്റെ അനാസ്ഥ അവസാനിപ്പിക്കുക. കർഷകരെ കുരുതി കൊടുക്കാതിരിക്കാൻ കർഷകരുടെ ന്യായമായ ആവശ്യങ്ങളും, അവകാശങ്ങളും, ആനുകൂല്യങ്ങളും സമയബന്ധിതമായി നടപ്പാക്കുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു സെക്രട്ടറിയേറ്റ് പടിക്കൽ ആരംഭിച്ച യാചനാസമരം ബി ജെ പി സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് ജെ.ആർ.പത്മകുമാർ ഉത്ഘാടനം ചെയ്തു. കർഷകസംഘം ചെയർമാൻ സി.വിജയൻ അദ്ധ്യക്ഷതവഹിച്ചു.
കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജി.ശിവരാജൻ മുഖ്യപ്രഭാഷണം നടത്തി. കിസാൻ സംഘ് രക്ഷാധികാരി ചിദംബരൻകുട്ടിമാസ്റ്റർ, കിസാൻ സംഘ് സംസ്ഥാന പ്രസിഡന്റ് ഡോക്ടർ.അനിൽ വൈദ്യമംഗലം, ജെ എസ് എസ് സംസ്ഥാന സെക്രട്ടറി കെ.ശിവാനന്ദൻ, കർഷക ജനത സംസ്ഥാന കമ്മിറ്റി മെമ്പർ രാധാകൃഷ്ണൻ, കിഫാ പാലക്കാട് ജില്ലാ സെക്രട്ടറി അബ്ബാസ്. എം കരിമ്പാറ എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു.നെല്ല് സംഭരണവില ഉടൻ നൽകുക, വന്യമൃഗശല്യത്താൽ കൃഷി നശിച്ച നഷ്ടത്തിലായ കർഷകരെ സഹായിച്ച് സംരക്ഷിക്കുക, നിലവിൽ കർഷകരുടെ അക്കൗണ്ടുള്ള ബാങ്ക് അക്കൗണ്ടുകളിലേക്ക് കർഷകർക്ക് ലഭിക്കാനുള്ള പണം എത്തിക്കുക, നെല്ല് സംഭരണം, വില നൽകൽ എന്നിവയിലെ കാലതാമസം ഒഴിവാക്കുക, നെല്ലുസംഭരണവില നൽകാനുള്ള തുക സംസ്ഥാന ബഡ്ജറ്റിൽ വകയിരുത്തുക. കർഷകർ ഉത്പാദിപ്പിക്കുന്ന മുഴുവൻ നെല്ലും സപ്ലൈകോ പദ്ധതിയിലൂടെ സംഭരിക്കുക, കർഷകരെ മൂന്നു തട്ടിലായി തരംതിരിക്കാതെ ആനുകൂല്യങ്ങളും നെല്ലുസംഭരണവും എല്ലാകർഷകർക്കും അനുവദിച്ചു നൽകുക, കയറ്റി അയച്ച നെല്ലിന് പി ആർ എസ് നൽകുന്നതിലെ കാലതാമസം ഒഴിവാക്കുക. നെല്ലിന്റെ വില നൽകുന്നതിന് പി ആർ എസ് ലോൺ സമ്പ്രദായം അവസാനിപ്പിക്കുക, ബജറ്റിൽ പ്രഖ്യാപിച്ചതുൾപ്പെടെയുള്ള 9രൂപ 52 പൈസ ഇൻസെന്റീവ് കർഷകർക്ക് നൽകുക, നെല്ല് പാക്ക് ചെയ്യുവാനുള്ളകാലിചാക്കുകൾ കർഷകർക്ക് ലഭിക്കാനുള്ള നടപടികൾ സ്വീകരിക്കുക, ലോഡിംഗ് ചാർജ്ജ് വിഷയത്തിൽ ഹൈക്കോടതി വിധി നടപ്പാക്കുക സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഉത്പാദനച്ചിലവുമായി ബന്ധപ്പെടുത്തി മിനിമം താങ്ങുവില (എം എസ് പി) നിശ്ചയിക്കുവാൻ വിദഗ്ധസമിതിയെ നിയോഗിച്ച് അടുത്ത വിളവെടുപ്പിനു മുമ്പായി വില നിർണ്ണയം നടപ്പിലാക്കുക എന്നീ ആവശ്യങ്ങളാണ് കർഷക സംരക്ഷണ സമിതി സെക്രട്ടറിയേറ്റ് ധർണ്ണയിൽ ആവശ്യപ്പെട്ടത്. ആലപ്പുഴ, ഇടുക്കി, വയനാട് ജില്ലകളിൽ നിന്നുള്ള കർഷകരടക്കം ആയിരക്കണക്കിന് കർഷകർ ധർണ്ണയിൽ പങ്കെടുത്തു.