വീരാവുണ്ണി മുളളത്ത്
പട്ടാമ്പി : പോപ്പുലർ ഫ്രണ്ടിന്റെ മുതിർന്ന പ്രവർത്തകൻ കൂറ്റനാട് സ്വദേശി ഷാഹുൽ ഹമീദിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ മധുര വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്തു.
സിംഗപ്പൂരിൽ നിന്നും മറ്റ് സ്ഥലങ്ങളിൽ നിന്നും നിയമവിരുദ്ധമായി ഫണ്ട് സംഘടിപ്പിക്കുന്നുണ്ടായിരുന്നുവെന്ന് അന്വേഷണ ഏജൻസി കണ്ടെത്തിയിരുന്നു. ഇയാൾ മധുരയിൽ വിമാനമിറങ്ങിയതിന് പിന്നാലെ ഇ ഡി കൈയ്യോടെ പിടികൂടുകയായിരുന്നു.
ദേശീയ അന്വേഷണ ഏജൻസി എൻ ഐ എ ഷാഹുൽ ഹമീദിനെക്കുറിച്ച് എന്തെങ്കിലും വിവരം നൽകുന്നവർക്ക് 3 ലക്ഷം രൂപ പാരിധോഷികം പ്രഖ്യാപിച്ചിരുന്നു.
പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പിടികൂടുന്നതിന് ആവശ്യമായ വിവരം കൈമാറുന്നവർക്ക് ഇനാം പ്രഖ്യാപിച്ച് എൻഐഎ പട്ടാമ്പിയിലും വല്ലപ്പുഴയിലും തൃത്താല നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലും പോസ്റ്റർ പതിച്ചിരുന്നു. പ്രവർത്തകരുടെ വിവരങ്ങളും ഇനാം തുകയും അടങ്ങുന്നതാണ് പോസ്റ്റർ. മൂന്ന് മുതൽ ഏഴ് ലക്ഷം വരെ ഇനാമായി ലഭിക്കുമെന്നാണ് പോസ്റ്ററിൽ അറിയിച്ചിരിക്കുന്നത്.
കുറ്റനാട് സ്വദേശി ഷാഹുൽ ഹമീദ്, ഞാങ്ങാട്ടിരി സ്വദേശി അബ്ദുൾ റഷീദ് കെ, ശങ്കരമംഗലം സ്വദേശി ആണ്മുഹമ്മദ് മൻസൂർ, നെല്ലായി സ്വദേശി മുഹമ്മദലി കെ പി, പറവൂർ സ്വദേശി അബ്ദുൽ വഹാബ് പി എ കൂടാതെ പേരുവിവരങ്ങൾ രേഖപ്പെടുത്താത്ത മറ്റൊരു പ്രവർത്തകൻ എന്നിവരെ കണ്ടെത്തുന്നതിനാണ് എൻഐഎ പ്രതിഫലത്തോടെയുള്ള സഹായം ആവശ്യപ്പെട്ടിരിക്കുന്നത്.
ദില്ലി കോടതിയിൽ ഹാജരാക്കിയ ഇയാളെ 10 ദിവസത്തേക്ക് ഇഡി കസ്‌റ്റഡിയിൽ വിട്ടു.