പാളങ്ങള്‍ സുരക്ഷിതമാകട്ടെ, ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കട്ടെ
—- അസീസ് മാസ്റ്റർ —
സുരക്ഷിതമായ യാത്ര ഏതോരാളുടെയും അവകാശമാണ്. കുറഞ്ഞ ചെലവില്‍ ദീര്‍ഘയാത്ര ചെയ്യാന്‍ സാധാരണക്കാരുള്‍പ്പെടെ ആശ്രയിക്കുന്നതാവട്ടെ തീവണ്ടിയും. എന്നാല്‍ മനസിലൊരുപാട് തീ കോറിയിടുന്ന വണ്ടിയെന്ന നിലയിലാണ് സമീപകാല ട്രെയിന്‍ യാത്രയുമായി ബന്ധപ്പെട്ട വാര്‍ത്തകളൊക്കെയും. കോഴിക്കോട് എലത്തൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയില്‍ യാത്രക്കാര്‍ക്ക് നേരെ തീകൊളുത്തി മൂന്ന് പേരുടെ മരണത്തിനും ഒമ്പത് പേര്‍ക്ക് ഗുരുതര പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെ, ദിവസങ്ങള്‍ക്ക് മുന്‍പാണ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യാര്‍ഡില്‍ ഹാള്‍ട്ടാക്കിയ ട്രെയിനിലെ ബോഗി കത്തിനശിച്ചതും കേരളത്തില്‍ പോലും ട്രെയിന്‍ യാത്ര സുരക്ഷിതമല്ലെന്ന ബോധ്യത്തിലേക്കാണ് കാര്യങ്ങള്‍ എത്തിയിരുന്നത്. എലത്തൂരിലും കണ്ണൂരിലും തീപ്പിടുത്തമുണ്ടായത് ആലപ്പുഴ-കണ്ണൂര്‍ എക്സിക്യുട്ടീവ് എക്സ്പ്രസ് ട്രെയിനാണ് എന്നതിനപ്പുറം രണ്ടും ഇന്ധനസംഭരണശാലക്ക് സമീപത്ത് വെച്ചാണ് ആക്രമിക്കപ്പെട്ടതെന്ന വസ്തുതയും നമുക്ക് നിസാരമായി കാണാനാവില്ല. അതിനിടെയാണ്, ഒഡീഷയിലെ ബാലസോറില്‍ മൂന്നു ട്രെയിനുകള്‍ അപകടത്തില്‍പെട്ടുണ്ടായ ജീവഹാനികള്‍ രാജ്യത്തിന്റെയാകെ ദുഃഖമായിത്തീര്ന്നത്. സുരക്ഷിതമായ യാത്ര എന്നത് സംബന്ധിച്ച് യാത്രക്കാര്‍ക്ക് ഏറെ ആശങ്കയുണ്ടാക്കുന്ന ഈ സമീപകാല ദുരന്തങ്ങളൊക്കെയും ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടിക്കും രക്ഷാദൗത്യത്തിനുള്ള പിന്തുണക്കും ഒരു പ്രത്യേക ദിവസത്തെ പ്രതിക്കൂട്ടിലാക്കിയും മരണപ്പെട്ടവരുടെ മൃതദേഹങ്ങളെ അനാദരവോടെ കൈകാര്യം ചെയ്തതിനെ ന്യായീകരിച്ചും വര്‍ഗീയനിറം നല്കുന്ന തിരക്കിലായി പോയി ചില ദുഷ്ടശക്തികള്‍ സമൂഹമാധ്യമത്തില്‍ എന്നതും മറ്റൊരു വേദന തന്നെയാണ്. ഏതായാലും ബാലസോറിലുണ്ടായ ട്രെയിന്‍ ദുരന്തത്തിനു വര്‍ഗീയ നിറം നല്കാന് സമൂഹമാധ്യമങ്ങളിലൂടെ ചിലര്‍ ശ്രമിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സാമുദായിക ഐക്യം തകര്‍ക്കുന്ന രീതിയിലുള്ള കുപ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ഒഡീഷ പൊലീസ് വ്യക്തമാക്കിയത് തെല്ലൊരു ആശ്വാസം നല്‍കുന്നുണ്ട്. ബാലസോറിലുണ്ടായ അപകടത്തില്‍ മൂന്നു ട്രെയിനുകള്‍ പരസ്പരം കൂട്ടിയിടിച്ചെന്ന പ്രചാരണം ശരിയല്ലെന്ന് റെയില്‍വേ ബോര്‍ഡ് വ്യക്തമാക്കി. അപകടത്തില്‍പ്പെട്ടത് കൊറമാണ്ഡല്‍ എക്സ്പ്രസ് മാത്രമാണെന്നും റെയില്‍വേ ബോര്‍ഡ് അംഗം ജയ വര്‍മ സിന്‍ഹ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.
ഏതായാലും ഉറ്റവര്‍ നഷ്ടപ്പെട്ട നൂറുകണക്കിനു കുടുംബങ്ങളില്‍നിന്നുള്ള വിലാപമാണ് ഇപ്പോള്‍ ഇന്ത്യയുടെ കാതിലുള്ളത്. അപ്രതീക്ഷിതമായി ജീവിതത്തിന്റെ യാത്ര മുറിഞ്ഞവര്‍ക്ക് തീരാവേദനയില്‍ ഇനിയും ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കട്ടെ. കേരളത്തില്‍ ഹൗസ് ബോട്ട് മറിഞ്ഞ് നിരവധി ജീവനുകള്‍ പൊലിഞ്ഞതും ഈ സമയത്ത് ഓര്‍മ്മിപ്പിക്കട്ടെ. രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിന്‍ ദുരന്തങ്ങള്‍ പലതരത്തിലായി ആവര്‍ത്തിക്കുമ്പോള്‍ റെയില്‍വേയുടെ വിശ്വാസ്യതയ്ക്കു വലിയ മങ്ങലാണ് സംഭവിക്കുന്നത്. യാത്രാസൗകര്യത്തോടൊപ്പം സുരക്ഷയും ചേരുന്ന ഇരട്ടപ്പാളത്തിലൂടെയാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനമായ ഇന്ത്യന്‍ റെയില്‍വേ സഞ്ചരിക്കേണ്ടതെന്നിരിക്കെ, മരിച്ചവരുടെയും പരുക്കേറ്റവരുടെയും നീളുന്ന സങ്കടപ്പട്ടികയാണ് ഏറ്റവുമൊടുവിലായി ബാലസോര്‍ നല്‍കിയിരിക്കുന്നത്. യാത്രാസുരക്ഷയ്ക്കു റെയില്‍വേ അര്‍ഹമായ പരിഗണന നല്‍കാത്തതുകൊണ്ടുതന്നെയല്ലേ ഇത്തരം ദുരന്തങ്ങളെന്ന് പൊതുജനം ചോദിക്കുകയാണ്.
പാളംതെറ്റുന്നതടക്കമുള്ള അപകടങ്ങളുടെ കാരണമെന്തായാലും സാങ്കേതിക സാധ്യതകളുടെ ഈ കാലത്തെങ്കിലും അതുണ്ടാകാതിരിക്കാനുള്ള ശ്രദ്ധയും മുന്‍നോട്ടവുമാണു റെയില്‍വേയില്‍നിന്നു യാത്രക്കാര്‍ പ്രതീക്ഷിക്കുന്നത്. സുരക്ഷാസംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിലുപരി, റെയില്‍വേ മുഖംമിനുക്കല്‍ പരിപാടികളില്‍ മുഴുകിയിരിക്കുകയാണെന്നാണ് ആക്ഷേപം. സ്റ്റേഷന് നവീകരണമെന്ന ഓമനപ്പേരില്‍ കാര്യമായി യാത്രക്കാരില്ലാത്ത സ്റ്റേഷനുകളില്‍ വരെ കോടികളാണു ചെലവഴിക്കാന്‍ ഒരുങ്ങുന്നത്. റെയില്‍വേ കൂടുതല്‍ പണം മുടക്കേണ്ടതു ട്രാക്കിലും സിഗ്നല്‍ സംവിധാനങ്ങളിലുമാണെങ്കിലും അതിനു പലപ്പോഴും മുഖ്യപരിഗണന കിട്ടുന്നില്ലെന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ് ഒഡീഷയിലെ ട്രെയിന്‍ അപകടവും വിരല്‍ചൂണ്ടുന്നത്. ഏകദേശം 68,000 കിലോമീറ്റര്‍ റെയില്‍പാതയിലായി രണ്ടു കോടിയിലേറെ യാത്രക്കാര്‍ രാജ്യത്തു പ്രതിദിനം സഞ്ചരിക്കുന്നതു ഇനി മുതലെങ്കിലും ഭയാശങ്കകളോടെയാവാതിരിക്കാന് സര്‍ക്കാര്‍ ഗൗരവമായി നിലകൊള്ളണമെന്നാണ് ഈയവസരത്തില്‍ ചൂണ്ടിക്കാട്ടാനുള്ളത്. മരണപ്പെട്ടവര്‍ക്ക് ആദരാജ്ഞലിയും പരുക്കേറ്റവര്‍ ഉടന്‍ സുഖംപ്രാപിച്ച് ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്രകള്‍ തുടരട്ടെയെന്നും ആശംസിക്കുന്നു. എല്ലാവര്ക്കും നന്മകളുള്ള നല്ലൊരു സായാഹ്നം നേരുന്നു. ജയ്ഹിന്ദ്.