കെ.എസ്.ആർ.ടി.സി: സാമ്പത്തിക ബാധ്യത വിദ്യാർത്ഥികളുടെ മേൽ അടിച്ചേൽപ്പിക്കുന്നതിനെതിരെ പിച്ചയെടുക്കൽ സമരം
പാലക്കാട്: സർക്കാറിന്റെ പിടിപ്പുകേടുമൂലം കെ.എസ്.ആർ.ടി.സിക്കുണ്ടായ സമ്പത്തിക ബാധ്യത വിദ്യാർത്ഥികളുടെ മേൽ അടിച്ചേൽപ്പിക്കരുതെന്നും വിദ്യാർത്ഥി കൺസെഷൻ വെട്ടിക്കുറക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും ഉയർത്തിക്കാട്ടി ഫ്രറ്റേണിറ്റി മൂവ്മെന്റ് കാമ്പസുകളിൽ വിദ്യാർത്ഥി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. സാമ്പത്തിക പ്രതിസന്ധി വിദ്യാർത്ഥികളുടെ മേൽ അടിച്ചേൽപ്പിക്കുന്നതിൽ പ്രതിഷേധിച്ച് അട്ടപ്പാടി ആർ.ജി.എം ഗവ.കോളേജ് യൂണിറ്റ് കാമ്പസിൽ പ്രതീകാത്മക പിച്ചയെടുക്കൽ സമരം നടത്തി. ആഷിഖ്, നസീഫ്, ഷഹല, ആസിം, ഉവൈസ് എന്നിവർ നേതൃത്വം നൽകി.
കൺസെഷൻ ലഭ്യമാകാനുള്ള പരമാവധി ദൂരപരിധി 40 കിലോമീറ്റർ ആയതിനാൽ ദിനേന നൂറ് കണക്കിന് വിദ്യാർത്ഥികൾ യാത്ര ചെയ്യുന്ന മണ്ണാർക്കാട്-അട്ടപ്പാടി റൂട്ടിലെ അട്ടപ്പാടി ആർ.ജി.എം ഗവ.കോളേജിലെയടക്കം വിദ്യാർത്ഥികൾ മണ്ണാർക്കാട് മുതൽ ചിറപ്പാടം വരെയും തിരിച്ചുപോകുമ്പോൾ ചിറപ്പാടം മുതൽ മണ്ണാർക്കാട് വരെയും ഫുൾ ചാർജ് കൊടുക്കേണ്ട അവസ്ഥയാണ്. ഇതിനകം തന്നെ പ്രയാസങ്ങളേറെ നേരിടുന്ന പിന്നോക്ക ജനവിഭാഗങ്ങളിലെയടക്കമുള്ള രക്ഷിതാക്കൾക്കും കുട്ടികൾക്കും ഇത് വലിയ സാമ്പത്തിക ഞെരുക്കമാണ് സൃഷ്ടിക്കുന്നത്. 50 % സർവീസുള്ള റൂട്ടുകളിൽ മാത്രമേ കെ.എസ്.ആർ.ടി.സിയിൽ കൺസെഷൻ അനുവദിക്കുകയുള്ളൂവെന്ന മാനദണ്ഡം മാറ്റി പ്രൈവറ്റ് ബസുകളിലേതിന് സമാനമായി കെ.എസ്.ആർ.ടി.സിയിലും കൺസെഷൻ സാർവത്രികമാക്കണമെന്നും ജില്ല സെക്രട്ടറി സുനിൽകുമാർ അട്ടപ്പാടി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Photo: കെ.എസ്.ആർ.ടി.സിയുടെ സാമ്പത്തിക പ്രതിസന്ധി വിദ്യാർത്ഥികളുടെ മേൽ അടിച്ചേൽപ്പിക്കുന്നതിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി അട്ടപ്പാടി ആർ.ജി.എം ഗവ.കോളേജിൽ നടത്തിയ പ്രതീകാത്മക പിച്ചയെടുക്കൽ സമരം