ഒറ്റപ്പാലം : ഒറ്റപ്പാലത്തിന്റെ 20 വർഷത്തെ വികസനം മുന്നിൽക്കണ്ടുള്ള നാറ്റ്പാക് (നാഷണൽ ട്രാൻസ്‌പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച്ച് സെന്റർ) തയ്യാറാക്കിയ നഗരാസൂത്രണ കരട് മാസ്റ്റർ പ്ലാനിന് അംഗീകാരം. 2016-ലെ കേരള നഗര-ഗ്രാമ ആസൂത്രണനിയമപ്രകാരം തദ്ദേശ സ്വയംഭരണവകുപ്പാണ് മാസ്റ്റർപ്ലാനിന് അംഗീകാരം നൽകിയത്. മാസ്റ്റർപ്ലാനിന് അംഗീകാരംലഭിക്കുന്ന പാലക്കാട്ടെ ആദ്യ നഗരസഭയാണ് ഒറ്റപ്പാലമെന്ന് അധികൃതർ അറിയിച്ചു.
നഗരത്തിൽ മികവുറ്റ ഗതാഗതശൃംഖലയുണ്ടാക്കുക, നവീന കൃഷിരീതിയിലൂടെ വിളകളുടെ ഉത്പാദനം വർധിപ്പിക്കുക, അനങ്ങൻമലയെ ഉപയോഗപ്പെടുത്തി ടൂറിസം സാധ്യതകൾ പ്രോത്സാഹിപ്പിക്കുക, ചെറുകിടവ്യാപാരവും മൊത്തവ്യാപാരവും സംയോജിപ്പിച്ച് ആധുനിക ചന്തകൾ വികസിപ്പിക്കുക, പൈതൃകപ്രാധാന്യമുള്ള പ്രദേശങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് മാസ്റ്റർപ്ലാൻ.
പട്ടണത്തിന്റെ വികസനത്തിന് പാലക്കാട്-കുളപ്പുള്ളി പാത ഒറ്റപ്പാലംഭാഗത്ത് 22 മീറ്ററാക്കണമെന്ന ശുപാർശയാണ് പ്ലാനിലെ ഏറ്റവും ബൃഹത് പദ്ധതി. നിലവിൽ 12 മീറ്ററാണ് പാലക്കാട്-കുളപ്പുള്ളി പാതയുടെ ഒറ്റപ്പാലം പട്ടണത്തിലെ വീതി. ആദ്യം പ്ലാൻ കൗൺസിലിൽ അവതരിപ്പിച്ചപ്പോൾ ജില്ലാ നഗരാസൂത്രണവിഭാഗം പാതയ്ക്ക് 36 മീറ്റർ വീതിവേണമെന്നാണ് പറഞ്ഞിരുന്നത്. 36 മീറ്ററാക്കുമ്പോൾ സ്ഥലമേറ്റെടുപ്പ് കൂടുതൽ പൊതുജനങ്ങളെ ബാധിക്കുമെന്നതിനാലാണ് കുറയ്ക്കാൻ തീരുമാനിച്ചത്.
ഇതിനൊപ്പം ചെറിയ റോഡുകളുടെയും വീതികൂട്ടി ഗതാഗതസംവിധാനം സുഗമമാക്കാനുള്ള നിർദേശങ്ങളടങ്ങിയതാണ് പ്ലാൻ. പൊതുജനങ്ങളുടെ അഭിപ്രായവും നിർദേശവും പരിഗണിച്ചും, കൗൺസിലിന്റെ പ്രത്യേകസമിതി ചേർന്നുമാണ് പ്ലാനിന് രൂപം നൽകിയിരിക്കുന്നത്.
മറ്റ് പ്രധാന പദ്ധതികൾ
ഒറ്റപ്പാലം-ചെർപ്പുളശ്ശേരി റോഡിന്റെയും ഒറ്റപ്പാലം-മണ്ണാർക്കാട് റോഡിന്റെയും വീതി 15 മീറ്ററാക്കി കൂട്ടുക.
ബസ്‌സ്റ്റാൻഡിനുസമീപത്തായി പാർക്കിങ്ങിന് പ്രത്യേകസ്ഥലം ഒരുക്കുക.
മായന്നൂർ പാലത്തിനുസമീപം ഇൻഡോർ സ്‌റ്റേഡിയം നിർമിക്കുക.
മാർക്കറ്റ് കോംപ്ലക്‌സിനുസമീപം ആധുനിക അറവുശാല.
അനങ്ങൻമല കേന്ദ്രീകരിച്ച് ടൂറിസം പദ്ധതി.