വീരാവുണ്ണി മുളളത്ത്
പട്ടാമ്പി: നാറാണത്ത് ഭ്രാന്തന്റെ സ്മരണകളുണർത്തി നടുവട്ടം രായിരനെല്ലൂർ മലകയറ്റം 18 ചൊവ്വാഴ്ച നടക്കും. മലകയറ്റത്തോടനുബന്ധിച്ചുളള ലക്ഷാർച്ചന മലമുകളിലെ ക്ഷേത്രത്തിൽ ദിവസങ്ങളായി നടന്നുവരുന്നു.
കൊല്ലവർഷം തുലാം ഒന്നിനാണ് ചരിത്ര പ്രസിദ്ധമായ രായിരനെല്ലൂർ മലകയറ്റം നടക്കുക. കൊപ്പം വളാഞ്ചേരി റോഡിൽ ഒന്നാന്തിപടിയിൽ ഇറങ്ങി ചെങ്കുത്തായ വഴിയിലൂടെ കയറി പടിഞ്ഞാറ് ഭാഗത്ത് പടവുകളുളള വഴിയിലൂടെ ഇറങ്ങിയാൽ കർമ്മം കൊണ്ട് ഉണ്ടാകാവുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ദോഷങ്ങളും പരിഹാരമാവു മെന്നാണ് വിശ്വാസം. ഇതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് വയനാട് മലപ്പുറം പാലക്കാട് തൃശൂർ എറണാകുളം ജില്ലയിലെ ആയിരക്കണക്കിന് ഭക്തജനങ്ങൾ വർഷം തോറും മലകയറാനെത്തുക. കൊറോണ വൈറസിന്റെ അതിപ്രസരം മൂലം പകർച്ച വ്യാധി പിടിപെട്ടതിനാൽ കഴിഞ്ഞ രണ്ട് വർഷമായി മലകയറ്റം നിറുത്തി വച്ചിരിക്കുകയായിരുന്നു.
താഴെയുള്ള നാറാണത്ത് മനയിൽ സംസ്കൃത പഠനത്തിന് എത്തിയ ഭ്രാന്തൻ രായിരനെല്ലൂർ മലയിലേക്ക് ഭീമാകാരമായ ഉരുളൻ കല്ലുകൾ ഉരുട്ടി കയറ്റുകയും മലയുടെ മുകളിൽ ഏറ്റവും ഉയർന്ന സ്ഥലത്ത് എത്തിയൽ അട്ടഹസിച്ചു കൊണ്ട് കല്ല് താഴേക്ക് ഉരുട്ടി വിടലുമായിരുന്നുവത്രെ പതിവ്. ഇത്തരത്തിൽ ആവർത്തിച്ചു കൊണ്ടിരിക്കെ ദുർഗ്ഗാ ദേവി അവിടെ പ്രത്യക്ഷപ്പെട്ടെന്നും ഭ്രാന്തന്റെ രൂപം കണ്ട് ഭയന്ന് ഭൂമിയിൽ താഴ്ന്നു പോയെന്നും അവിടെ കാണപ്പെട്ട കാൽപ്പാദങ്ങളെ വന്ദിച്ച് നാറാണത്ത് ഭ്രാന്തനാണ് പ്രതിഷ്ഠ നടത്തിയത് എന്നാണ് ഐതിഹ്യം. കാലം കടന്നു പോയപ്പോൾ ഭ്രാന്തൻ പ്രതിഷ്ഠ നടത്തിയത് എന്ന് കരുതുന്ന പാദങ്ങളെ ഉൾക്കൊണ്ട് ക്ഷേത്രം പണീയുകയും ചെയ്തു. ദിവസവും രാവിലെ 6 മുതൽ 8 വരെയാണ് പൂജാതി കർമ്മങ്ങൾ.