ആരാവും അടുത്ത ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയാവും എന്ന കാര്യം ഉറ്റുനോക്കുകയാണ് ഉദ്യോഗസ്ഥ-രാഷ്ട്രീയ കേരളം. പ്രത്യേകിച്ചും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെയാണ് സംസ്ഥാന സര്‍ക്കാര്‍ അഭിമുഖീകരിക്കാന്‍ പോകുന്നതെന്ന സാഹചര്യത്തില്‍. ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറി ടി.കെ. ജോസ് വിരമിക്കുന്ന ഒഴിവിലേക്കാണ് ആരാവും അടുത്ത ഊഴം കാത്തിരിക്കുന്നതെന്ന ചോദ്യങ്ങള്‍ക്കിടയില്‍ ദമ്പതികളുടെ പേര് ഉയര്‍ന്നു വരുന്നുണ്ട്. നിലവില്‍ ഉന്നത വിദ്യാഭ്യാസ അഡീഷണല്‍ ചീഫ് സെക്രട്ടറിയായ ഡോ. വി. വേണുവും ഭാര്യയും തദ്ദേശസ്വയംഭരണ സെക്രട്ടറിയുമായ ശാരദാ മുരളീധരന്റെയും പേരാണ് തലസ്ഥാന നഗരിയില്‍ നിന്നും ഉയര്‍ന്ന് കേള്‍ക്കുന്നത്. തദ്ദേശവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ ഏകോപിപ്പിക്കുന്ന ശാരദയുടെ സേവനം വിട്ടുകൊടുക്കുന്നതില്‍ മന്ത്രി എം.വി. ഗോവിന്ദന്റെ നിലപാട് നിര്‍ണായകമാകും.
ഉന്നതവിദ്യാഭ്യാസം, ജലസേചനം എന്നീ വകുപ്പുകളിലും പുതിയ നിയമനങ്ങളുണ്ടാകും. വിരമിക്കുന്ന ആഭ്യന്തര സെക്രട്ടറി ജോസിന്റെ സേവനം തുടര്‍ന്നും സര്‍ക്കാര്‍ തേടിയേക്കുമെന്നുമുള്ള വാര്ത്തകളുമുണ്ട്്. ധനകാര്യ അഡീ. ചീഫ് സെക്രട്ടറി ആര്.കെ. സിങ് കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോയാല്‍ പുതിയ ധന സെക്രട്ടറിയെ കണ്ടെത്തേണ്ടിവരും. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ഉന്നതതലത്തില്‍ വന്‍ അഴിച്ചുപണിക്കാണു രണ്ടാം പിണറായി വിജയന് സര്‍ക്കാര്‍ തയാറെടുക്കുന്നത്. 1990-ല്‍ ഐ.എ.എസില്‍ ചേര്‍ന്ന വേണു മെഡിക്കല്‍ ഡോക്ടറാണ്. ടൂറിസം, സാംസ്കാരികവകുപ്പുകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേന്ദ്ര ടൂറിസം മന്ത്രാലയത്തില്‍ പ്രവര്‍ത്തിക്കവേ ഇന്‍ക്രെഡിബിള്‍ ഇന്ത്യ പ്രചാരണത്തില്‍ നിര്‍ണായക പങ്ക് വഹിച്ച വേണുവിനാണ് ആഭ്യന്തര സെക്രട്ടറി പദവി ലഭിക്കുകയെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. ഏതായാലും സംസ്ഥാന ഭരണത്തില്‍, ആഭ്യന്തര സെക്രട്ടറിയുടെ തന്ത്രങ്ങളും അനുഭവപാഠങ്ങളും മന്ത്രിസഭക്ക് എന്നത് പോലെ, സാധാരണക്കാര്‍ക്കും ഗുണം ലഭിക്കുന്നതാണ്. ആ ഗുണകരമായ ദൗത്യത്തില്‍, ആ പദവിയിലിരിക്കുന്നവര്‍ ഒട്ടേറെ സംഭാവനകള്‍ ചെയ്യണമെന്നാണ് രാഷ്ട്രീയ കേരളം ആഗ്രഹിക്കുന്നത്.
വരാനിരിക്കുന്ന വര്‍ഷങ്ങള്‍ വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കുമെന്നാണു സൂചനകള്‍. ജിഎസ്ടി നഷ്ടപരിഹാരം കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിക്കുന്നതാണ് ഒരു കാരണം. കടമെടുക്കുന്നതിനും കൂടുതല്‍ നിയന്ത്രണം വരും. ഇപ്പോള്‍ത്തന്നെ കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും അതിന് അനുകൂലമല്ല. ആഭ്യന്തര നികുതി സമാഹരണ സാധ്യതകള്‍ക്കും വെല്ലുവിളികളും പരിമിതികളുമുണ്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ചെലവുകളെക്കുറിച്ച് കൂടുതല്‍ യുക്തിസഹമായി ചിന്തിക്കുകയാണു വേണ്ടതെന്നു സാമ്പത്തിക ശാസ്ത്രജ്ഞര്‍ വിരല്‍ചൂണ്ടുമ്പോള്‍, മുഖ്യമന്ത്രിയെ പോലെ തന്നെ, പ്രധാനമാണ് ആഭ്യന്തര സെക്രട്ടറിയുടെ തീരുമാനങ്ങള്‍. നമ്മുടെ നികുതി വരുമാനം ഉയര്‍ത്താന്‍ നമുക്ക് കഴിഞ്ഞില്ലെന്നു മാത്രമല്ല റവന്യു ചെലവ് നിയന്ത്രണമില്ലാതെ വര്‍ധിക്കുകയായിരുന്നു.
ഈ നിലപാടുമായി ഇനിയും മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍ ഡയറക്ടറുമായ പ്രഫ. ഡി.നാരായണ മുന്നറിയിപ്പു നല്കുന്നു. ഓരോ അഞ്ചു വര്‍ഷവും കൂടുമ്പോഴും കേരളം ശമ്പള പരിഷ്കരണ കമ്മിഷനുകളെ നിയമിക്കുന്നു. അതിലെ അംഗങ്ങള്‍ രാജാക്കന്മാരെപ്പോലെയാണു സ്വയം കരുതുന്നത്. കോവിഡല്ല, എന്തു പ്രശ്നമുണ്ടായാലും എത്ര സാമ്പത്തിക ഞെരുക്കമുണ്ടായാലും അവരെ ബാധിക്കുകയില്ലെന്ന മട്ടാണ്. സംസ്ഥാനത്തെ പല സര്‍ക്കാര്‍ വകുപ്പുകളിലും ജീവനക്കാരുടെ എണ്ണം വളരെക്കൂടുതലാണ്. തെലങ്കാനയില്‍ കൃഷിഭൂമി നമ്മുടേതിന്റെ നാലിരട്ടിയാണ്. കര്‍ണാടകയില്‍ പത്തിരട്ടിയാണ്.
എന്നാല്‍ കേരളത്തിലെ കൃഷിവകുപ്പിലാണ് ഏറ്റവും കൂടുതല്‍ ജീവനക്കാര്‍ ജോലി ചെയ്യുന്നത്. അതേസമയം കാര്ഷികോല്പാദനത്തിലാകട്ടെ കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ വന്‍ കുറവാണുണ്ടായിരിക്കുന്നത്. ഉല്പാദനവും വരുമാനവും കുറയുകയും കടം കയറുകയും ചെയ്യുന്ന സാഹചര്യമാണു നിലവിലെന്ന് തുടങ്ങി കേരളം നേരിടാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴങ്ങളെപ്പറ്റി പ്രഫ. ഡി.നാരായണ പങ്കുവെക്കുന്ന ആശങ്ക നിലനില്‍ക്കെ, ആഭ്യന്തര സെക്രട്ടറി നിയമനവും ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഈ സാഹചര്യത്തില്‍, ആര് വന്നാലും ജനോപകാരപ്രദവും സംസ്ഥാനത്തിന് അഭിമാനവുമുണ്ടാക്കുന്ന സേവനങ്ങള്‍ കാഴ്ചവെക്കാന്‍ കഴിയട്ടെയെന്ന് ആശംസിക്കുന്നു. എല്ലാവര്ക്കും നല്ലൊരു സായാഹ്നം നേരുന്നു. ജയ്ഹിന്ദ്.