കേന്ദ്ര ജീവനക്കാരാവാന്‍ ഒട്ടേറെ മത്സരപരീക്ഷ അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. എന്നാല്‍, പഠനത്തില്‍ വലിയ ശ്രദ്ധ നല്‍കാന്‍ കഴിയാത്ത യുവാക്കള്‍ക്ക്, ശാരീരിക ക്ഷമതയുടെ ബലത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ ഭാഗമാവാന്‍ കഴിയുന്നത് സൈനിക സേവനത്തിലൂടെയാണ്. രാജ്യത്തെ ഒട്ടേറെ യുവാക്കള്‍ സൈനീക സേവനത്തിലൂടെ കേന്ദ്രസര്‍ക്കാറിന്റെ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതോടൊപ്പം കുടുംബത്തിന്റെയും നാടിന്റെയും സംരക്ഷകരുമാണ്. എന്നാല്‍, കേന്ദ്രം സൈന്യത്തിലേക്കുള്ള പുതിയ റിക്രൂട്ടിങ് നയം പ്രഖ്യാപിച്ചത് സൈനിക ജോലി സ്വപ്‌നം കാണുന്ന, അതിനായി പ്രയത്‌നിക്കുന്ന ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളെയും അവരുടെ കുടുംബത്തിന്റെയും പ്രതിഷേധം ക്ഷണിച്ച് വരുത്തിയിരിക്കുകയാണ്. അഗ്‌നിപഥ് പദ്ധഥിയിലൂടെ കേന്ദ്രം യുവാക്കളെ വിഡ്ഢികളാക്കുന്നുവെന്ന് ആരോപിച്ചാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നത്. നാല് വര്‍ഷത്തെ സൈനിക സേവനത്തിനു ശേഷം തങ്ങള്‍ എന്ത് ചെയ്യണമെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ ചോദിക്കുന്നത്. ബിഹാറിലെ മുസാഫര്‍പൂരും ബക്‌സറും ശക്തമായ പ്രതിഷേധങ്ങള്‍ക്കാണ് സാക്ഷ്യംവഹിച്ചത്. തങ്ങളുടെ പ്രായത്തിലുള്ള മറ്റുള്ളവര്‍ ജോലി ചെയ്ത് ജീവിക്കുമ്പോള്‍ നാല് വര്‍ഷത്തെ സൈനിക സേവനത്തിനു ശേഷം ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ തങ്ങള്‍ എന്ത് ചെയ്യുമെന്നാണ് പ്രതിഷേധക്കാരുടെ ചോദ്യം. ‘കഴിഞ്ഞ രണ്ട് വര്‍ഷമായി സൈന്യത്തില്‍ ചേരുന്നതിനായി കഠിന പ്രയത്‌നത്തിലായിരുന്നു ഞാന്‍. കേവലം നാല് വര്‍ഷത്തേക്കുള്ള ഒരു ജോലിക്ക് ഞാന്‍ ഇനി ചേരണോ?’ ശിവം കുമാര്‍ എന്ന യുവാവ് ദേശീയ മാധ്യമമായ എന്‍ഡിടിവിയോട് പറഞ്ഞു. ഭീമമായ ശമ്പളവും പെന്‍ഷന്‍ തുകയും വെട്ടിക്കുറയ്ക്കുന്നതിനാണ് കേന്ദ്രം പുതിയ പരിഷ്‌കാരങ്ങള്‍ വരുത്തിയിരിക്കുന്നത്. സൈന്യത്തിലേക്കുള്ള റിക്രൂട്ട്‌മെന്റിനെ ബിജെപി എന്തിനാണ് അവരുടെ പരീക്ഷണ ശാലയാക്കിമാറ്റുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ചോദിച്ചു. വര്‍ഷങ്ങളായി സൈനികരായി ജോലിചെയ്യുന്നവരെ ഒരു ബാധ്യതയായിട്ടാണോ സര്‍ക്കാര്‍ കാണുന്നതെന്നും അവര്‍ ചോദിച്ചു. നാല് വര്‍ഷത്തെ സേവനം തട്ടിപ്പാണെന്നാണ് യുവാക്കള്‍ പറയുന്നത്. തീരുമാനങ്ങള്‍ ഏകപക്ഷീയമാണോയെന്ന് പ്രിയങ്ക പോലുള്ള പ്രതിപക്ഷ നേതാക്കന്മാര്‍ ആശങ്ക പങ്കുവെക്കുന്നു. പദ്ധതിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. സേനയുടെ അന്തസും പാരമ്പര്യവും വീര്യവും അച്ചടക്കവും അടിയറവുവെക്കുന്നത് ബിജെപി സര്‍ക്കാര്‍ ഒഴിവാക്കണമെന്നാണ് രാഹുല്‍ ആവശ്യപ്പെടുന്നത്. 17.5 വയസിനും 21 വയസിനും ഇടയില്‍ പ്രായമുള്ള 45,000 യുവാക്കളെ നാല് വര്‍ഷത്തേക്ക് സൈന്യത്തില്‍ ചേര്‍ക്കാനാണ് കേന്ദ്രത്തിന്റെ പദ്ധതി. ഈ കാലയളവില്‍ അവര്‍ക്ക് 30,000-40,000 രൂപ ശമ്പളവും അലവന്‍സുകളും മെഡിക്കല്‍ ഇന്‍ഷുറന്‍സും നല്‍കും. നാല് വര്‍ഷത്തിനു ശേഷം ഈ സൈനികരില്‍ 25 ശതമാനത്തെ നിലനിര്‍ത്തും. അവര്‍ 15 വര്‍ഷം നോണ്‍ ഓഫീസര്‍ റാങ്കുകളില്‍ തുടരും. ശേഷിക്കുന്നവര്‍ക്ക് 11-12 ലക്ഷം രൂപയ്ക്ക് ഇടയിലുള്ള പാക്കേജ് നല്‍കി ജോലിയില്‍ നിന്നും പിരിച്ചുവിടും. ഇവര്‍ക്ക് പെന്‍ഷന്‍ ലഭിക്കുകയില്ല. ഈ പദ്ധതി വഴി യുവാക്കള്‍ക്ക് സൈന്യത്തില്‍ കയറാമെങ്കിലും സുരക്ഷിതമായ ഭാവിയെക്കുറിച്ചുള്ള ആശങ്കയാണ് എല്ലാവരും ഉന്നയിക്കുന്നത്.
കോവിഡിന് ശേഷം രാജ്യത്ത് തൊഴില്‍ക്ഷാമത്തിന്റെ നിരക്ക് ഏറെയാണ്. പലരും തുച്ഛമായ ദിവസക്കൂലിക്ക് ജോലിയെടുക്കുമ്പോള്‍, സൈനികനും പൊലീസും ആവുന്നതോടെ തങ്ങളുടെ കുടുംബത്തിന്റെ കഷ്ടപ്പാട് തീരുമെന്ന് വിചാരിക്കുന്ന അനേകം യുവാക്കളും അവരുടെ രക്ഷിതാക്കളും സൈനിക റിക്രൂട്ട്‌മെന്റുകളില്‍ പ്രവേശനം ലഭിക്കുന്നതിനായി കഠിന അധ്വാനത്തിനിടയിലാണ്, താത്കാലിക ജോലിയായി സൈനിക സേവനത്തെ കാണുന്ന കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം വന്നിരിക്കുന്നത്. ഇത് യുവാക്കളുടെ ആത്മവിശ്വാസം നശിപ്പിക്കുന്നതിന് തുല്യമാണ് എന്ന് പറയാതെ വയ്യ. എല്ലാവര്‍ക്കും തൊഴില്‍ സുരക്ഷിതമുള്ള നല്ലൊരു സായാഹ്നം ആശംസിക്കുന്നു. ജയ്ഹിന്ദ്.