—- അസീസ് മാസ്റ്റർ —
ഒരു മുൻ ജനപ്രതിനിധിയെന്ന നിലയിൽ പോലും പാലിക്കേണ്ട യാതൊരു സാമൂഹിക ഉത്തരവാദിത്വവുമില്ലാതെ പെരുമാറുന്ന രാഷ്ട്രീയക്കാരനാണ് പി സി ജോർജ്ജ്. എതിരാളികളെ, ചാനൽ ചർച്ചയിൽ പോലും തെറിവാക്ക് കൊണ്ട് നേരിടുന്ന പി സി ജോർജ്ജിൻ്റെ മനോനിലക്ക് കാര്യമായ എന്തോ സംഭവിച്ചിട്ടുണ്ടെന്ന കാലാകാലങ്ങളിലായുള്ള മതേതരവാദികളുടെ സംശയങ്ങൾക്ക് അടിത്തറ പാകുന്നതാണ്, കഴിഞ്ഞ ദിവസം ഹിന്ദുമഹാസമ്മേളന പ്രസംഗത്തിലെ തീവ്രവാദ പ്രസ്താവനകൾ.
മതപരമായി ചേരിതിരിവുണ്ടാക്കാനുള്ള ചില കേന്ദ്രങ്ങളുടെ കുത്സിതശ്രമങ്ങൾക്ക് ചൂട്ടു പിടിക്കുക എന്ന നയമാണ് പി സി ജോർജ്ജിനെ പോലെയുള്ളവർ സ്വീകരിക്കുന്നത്. ഇത് കേരളം പോലെയുള്ള മതനിരപേക്ഷ മണ്ണിന് അത്യന്തം അപകടമാണ്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വർഗീയ കാഴ്ചപ്പാടുകൾക്ക് വളക്കൂറ് നൽകാനുള്ള ഹലാൽ പോലുള്ള വിഷയം മുതൽ ഒരു പ്രത്യേക മതവിഭാഗത്തെ അന്യവത്ക്കരിക്കാനുള്ള ശ്രമങ്ങൾ നാനാദിക്കുകളിൽ നിന്ന് ഉണ്ടാകുമ്പോൾ, ജനാധിപത്യത്തിൻ്റെ എല്ലാ ആനുകൂല്യവും പറ്റിയ ഒരാളെന്ന നിലക്ക് അതിനെതിരേ നിലപാട് എടുക്കുന്നതിന് പകരം എരിതീയിൽ എണ്ണ ഒഴിക്കുകയാണ്.
മതപരമായ വിശ്വാസങ്ങളുടെ പേരിലല്ല, വാണിജ്യസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. മികവുള്ളവർ ആ രംഗത്ത് ശോഭിക്കുമ്പോൾ, അവരുടെ വിശ്വാസത്തിൻ്റെ പേരിൽ ഭ്രഷ്ടാഹ്വാനം ചെയ്യുന്ന പി സി ജോർജ്ജിനെ പോലുള്ളവരെ നിലക്കു നിർത്താൻ സർക്കാർ തയ്യാറാവണം. നിർഭാഗ്യവശാൽ പിണറായി സർക്കാർ, വാക്കുകളിൽ മതേരത്വം വിളമ്പുമ്പോഴും പ്രവർത്തിപഥത്തിൽ അമ്പേ പരാജയപ്പെടുന്നതാണ് കാണുന്നത്.
കാണുന്നതും കേൾക്കുന്നതുമായ ഒറ്റപ്പെട്ട വർഗീയ കുത്സിതശ്രമങ്ങളെ അടിച്ചമർത്തിയില്ലെങ്കിൽ കേരളവും മറ്റൊരു ഉത്തരേന്ത്യയാവാൻ അധിക താമസമുണ്ടാവില്ല. വെറുപ്പിൻ്റെയും ഭിന്നതയുടെയും നാവുകൾക്ക് കടിഞ്ഞാണിടുകയും പി സി ജോർജ്ജിനെ പോലുള്ള കാളകൂട വിഷം വമിപ്പിക്കുന്നവരെ മാതൃകാപരമായി ശിക്ഷിച്ചാൽ മാത്രമേ മതനിരപേക്ഷതയുടെ സൗന്ദര്യം കേരളത്തിന് നഷ്ടപ്പെട്ടിട്ടില്ല എന്ന് പുറം ലോകത്തിന് മനസിലാവുകയുള്ളൂ. ഒരുമയുടെ സന്ദേശം ഉൾക്കൊണ്ട് വർഗീയവാദികളെ കടക്ക് പുറത്ത് എന്ന് പറയാൻ ആർജ്ജവമുള്ളവരിലാണ് കേരളത്തിൻ്റെ ഭാവി ശോഭനമാവുക. ഈ തിരിച്ചറിവിൽ നിന്നാവട്ടെ ഇന്നത്തെ സായാഹ്നം. ജയ്ഹിന്ദ്.