പാലക്കാട്: പാലക്കാട് ജില്ലയിൽ തുടർച്ചയായി നടന്നു കൊണ്ടിരിക്കുന്ന വർഗ്ഗീയ രാഷ്ട്രീയ കൊലപാതകം ജനജീവിതം ഭയാനകവും ദുഷ്കരവുമാക്കിയിരിക്കുകയാണെന്ന് കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി പാലക്കാട് ജില്ലാ കോർ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. അഹിംസയും, ശാന്തിയും, സമാധാനവും ഗാന്ധിമാർഗ്ഗത്തിലൂടെ മാത്രമേ കൈവരിക്കാൻ കഴിയുകയുള്ളു എന്ന് യോഗം വിലയിരുത്തി. കൊലക്കത്തി താഴെ വെച്ച്, ഗാന്ധിയൻ ആദർശങ്ങളിലും ആശയങ്ങളിലും ഊന്നി നിന്നുകൊണ്ട് പ്രവർത്തിക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും തയ്യാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു. കുറ്റവാളികളെ അറസ്റ്റു ചെയ്ത് നിയമത്തിന് മുമ്പിൽ കൊണ്ടുവന്നു കൊണ്ടു് മാതൃകാപരമായ ശിക്ഷ നല്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി പാലക്കാട് ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി പി.മോഹനകുമാരൻ, ജില്ലാ ജനറൽ സെക്രട്ടറി എ.ശിവരാമകൃഷ്ണൻ, പ്രവാസി ഗാന്ധിദർശൻ വേദി സംസ്ഥാന ജനറൽ കൺവീനർ എം.വി.ആർ.മേനോൻ, വനിതാ ഗാന്ധിദർശൻ വേദി സംസ്ഥാന കൺവീനർ കെ.വി. പുണ്യ കുമാരി, ജില്ലാ ട്രഷറർ ടി.എൻ.ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി സംസ്ഥാന കമ്മിറ്റി മെയ് 7, 8 തിയ്യതികളിൽ ആലുവയിൽ വെച്ചു നടത്തുന്ന സംസ്ഥാന ക്യാമ്പിൽ ജില്ലയിൽ നിന്നും പ്രതിനിധികളെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.