ആർഎസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക തെളിവുകൾ പൊലീസിന് ലഭിച്ചു. ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഘം പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു. കൊല്ലപ്പെട്ട എസ്ഡിപിഐ പ്രവർത്തകൻ സുബൈറിന്റെ പോസ്റ്റുമോർട്ടം സമയത്ത് പ്രതികൾ ജില്ലാ ആശുപത്രിയിലുണ്ടായിരുന്നു.
ഇവിടെ നിന്നാണ് ശ്രീനിവാസനെ കൊലപ്പെടുത്താൻ സംഘം പോയതെന്നാണ് അന്വേഷണസംഘത്തിന് തെളിവ് ലഭിച്ചത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പൂർണമായും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കൃത്യത്തിനു ശേഷം പ്രതികൾ രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. പ്രതികൾ അവരുടെ മൊബൈൽ ഫോണുകൾ പലയിടത്തായി ഉപേക്ഷിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
16-ാം തിയതിയാണ് സുബൈർ കൊല്ലപ്പെടുന്നത്. 17-ാം തിയ്യതി രാവിലെയാണ് സുബൈറിന്റെ പോസ്റ്റ്മോർട്ടം നടന്നത്. ഈ സമയത്ത് രാവിലെ ഒമ്പത് മണിയോടെയാണ് പ്രതികൾ ജില്ലാ ആശുപത്രി പരിസരത്ത് ഉണ്ടായിരുന്നത്.