കാണികൾക്ക് ആവേശം പകർന്നുകൊണ്ട് നെന്മാറ-വല്ലങ്ങി വേലപ്പന്തലുകളുടെ നിർമ്മാണം പുരോഗമിക്കുന്നു.

(വാർത്ത. രാമദാസ്. ജി. കൂടല്ലൂർ.)
നെന്മാറ: കഴിഞ്ഞ രണ്ടുവർഷമായി പൊതുജനങ്ങളുടെ ജീവിതത്തേയും, ഉത്സവങ്ങളേയും സാരമായി ബാധിച്ച കൊറോണക്കാലത്തിൽ നിന്നും ഇളവുകൾ വന്ന ഇന്നത്തെ സാഹചര്യത്തിൽ ഈ വർഷത്തെ വേല ഉത്സവം ഞായറാഴ്ചയാണെന്നുള്ളതിനാലും മുൻവർഷങ്ങളെ അപേക്ഷിച്ച് അത്യപൂർവ്വമായ തിരക്കിന് സാദ്ധ്യതയുള്ള കാര്യം ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദിവസങ്ങളിലേക്കാണ് കടന്നുചെല്ലുന്നത്. മീനചൂടിനെ വകവെക്കാതെ ഇരുദേശങ്ങളുടേയും ആനപ്പന്തലുകളുടേയും, കമനീയമായ കമാനങ്ങളുടേയും നിർമ്മാണത്തിന് വൈദഗ്ദ്ധ്യമേറിയ ആയിരക്കണക്കിന് തൊഴിലാളികൾക്ക് തങ്ങളുടെ പ്രവർത്തനമികവുതെളിയിക്കാനുതകുന്ന ഒരു വേദികൂടിയാണ് ഈ വേല ഉത്സവം. നെല്ലിക്കുളങ്ങരദേവിയുടെ അനുഗ്രഹത്താൽ ദേശത്തും, വിദേശത്തുമുള്ള നാനാതുറകളിൽ ജോലിചെയ്യുന്ന സർവ്വമതസ്ഥരും ഈ ഉത്സവത്തിന് എത്തിച്ചേരുമ്പോൾ….
ചരിത്രമുറങ്ങുന്ന വല്ലങ്ങി-നെന്മാറ ദേശങ്ങൾ സാഹോദര്യത്തിന്റെ ദിനങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ്.
സഹ്യൻ്റെമകൻ എന്ന വിശേഷണമുള്ള തലയെടുപ്പുള്ള ഗജകേസരികളും, മേളപ്പെരുമയിൽ പുകഴ്പെറ്റ വാദ്യകുലപതികളും അണിനിരക്കുമ്പോൾ… ദിഗന്തം നടുങ്ങുന്ന വെടിക്കോപ്പുകളും, വാനിൽ വർണ്ണപ്രഭ ചൊരിയുന്ന അമിട്ടുകളുംകൊണ്ട് മായിക പ്രപഞ്ചം സൃഷ്ടിക്കുന്ന വെടിക്കെട്ട് വിദഗ്ധന്മാരും ഈ ഉത്സവസുദിനത്തെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. നെന്മാറ ദേശത്തിന്റെ ആനപ്പന്തൽ എല്ലായ്പ്പോഴും നെന്മാറ-പോത്തുണ്ടി മെയിൻ റോഡിലാണ് നിർമ്മിക്കാറുള്ളത് എങ്കിലും, റോഡിൽ നിന്നും അൽപ്പം മുമ്പിലായി ഇത്തവണ നെല്ലിക്കുളങ്ങരക്ഷേത്രമൈതാനത്ത് ആനകൾക്ക് നിൽക്കുവാനുള്ള ഒരു പ്ലാറ്റ്ഫോമിൻ്റെ നിർമ്മാണം നടന്നതും ആനപ്പന്തൽ നിർമ്മാണത്തിന് വേഗതകൂട്ടുമെന്ന് പൊതുജനങ്ങൾക്ക് അഭിപ്രായമുണ്ട്. എന്നാൽ വല്ലങ്ങിദേശത്തിൻ്റെ ആനപ്പന്തൽ നിർമ്മാണം ഇത്തവണ ബൈപ്പാസ് റോഡിൽ നിന്നുംമാറ്റി താഴത്തെ വയലിലാണ് നിർമ്മിക്കുന്നത് എന്നുള്ളതും ഇത്തവണത്തെ മാറ്റങ്ങളിൽ എടുത്തുപറയേണ്ട മറ്റൊരു പ്രധാന വസ്തുതയാണ്. വേലയോടനുബന്ധിച്ച് നെന്മാറ-വല്ലങ്ങി എന്നിവിടങ്ങളിലുള്ള കടകളും, വീടുകളും കമനീയമാക്കുന്ന പ്രവർത്തനങ്ങൾക്ക് ഓരോ തൊഴിലാളികളും അഹോരാത്രം പണിയെടുക്കുമ്പോൾ രാവുകൾ പകലുകളാക്കി ക്ഷേത്രമൈതാനവും, വേലപറമ്പും പ്രകാശപൂരിതമാവുമ്പോൾ ഉത്സവസുദിനത്തിന് നാന്ദികുറിച്ചുകൊണ്ട് മീനം 9ന് ഇരുദേശങ്ങളിലും കൊടിയേറിയതോടെ ഈ വർഷത്തെ വേലക്ക് കൗണ്ട് ഡൗൺ തുടങ്ങുകയായി. ആനപ്പന്തൽ നിർമ്മാണത്തിന്റെ മാതൃകമാത്രം വിലയിരുത്തി മികവുറ്റതേതെന്ന് പറയുന്നത് അസാദ്ധ്യമാണ്. ഇലക്ട്രോണിക് ഉപകരണങ്ങളാൽ ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ച് മൂന്നുലക്ഷത്തോളം എൽ ഇ ഡി ബൾബുകളുടെ ശ്രേണിയിൽ മായിക പ്രപഞ്ചം സൃഷ്ടിക്കാൻ മുപ്പതിലധികം ടെക്നീഷ്യന്മാർ ഓരോ ദേശത്തിന്റെയും ആനപ്പന്തലുകകളിൽ രാപകലില്ലാതെ പണിയെടുക്കുമ്പോൾ നാട്ടുകാരായ ഓരോരുത്തരും മനസ്സിൽ പറയുന്നു ഇപ്പോൾ ഒന്നും പറയാൻ കഴിയില്ല. ഞായറാഴ്ച മീനം20 (ഏപ്രിൽ 3) ആ ഉത്സവസുദിനത്തിന് ഇനി രണ്ടു നാൾ ബാക്കി. താഴെ ആനപ്പന്തലിൽ അണിനിരക്കുന്ന ഗജവീരന്മാർ മുത്തുക്കുടകളേന്തുമ്പോൾ ഏവർക്കും ആവേശം നൽകിക്കൊണ്ട് അമിട്ടുകൾക്കൊപ്പം വാനിലേക്കുയരുന്ന വർണ്ണക്കുടകൾക്കൊപ്പം ആർത്തുല്ലസിക്കുന്ന പുരുഷാരവങ്ങളുടെ ധന്യമുഹൂർത്തത്തിനായ് കാതോർത്ത് ഏവർക്കുമൊപ്പം ഞങ്ങളും സായാഹ്നം പത്രത്തിന്റെ പേരിൽ വല്ലങ്ങി-നെന്മാറ വേല ആശംസകൾ നേരുന്നു.