പാലക്കാട്ട് അനധികൃതമായി നിർമ്മിച്ച ഫ്ളാറ്റിന് സർക്കാർ അനുമതി
നെൽവയൽ നികത്തിയാണ് ലാന്റ് ലിങ്ക്സ് ഫ്ലാറ്റ് നിർമ്മിച്ചത്.
പാലക്കാട് :വീട് നിർമ്മിക്കാനായി നാലും, അഞ്ചും സെന്റ് ഭൂമി തരം മാറ്റാനായി ആളുകൾ നെട്ടോട്ടമോടുന്നുണ്ടെങ്കിലും വൻകിട ക്കാർക്ക് ഈ പ്രശ്നമില്ല. പാലക്കാട് വയൽ നികത്തി കൂറ്റൻ ഫ്ലാറ്റ് നിർമ്മിച്ചവർക്ക് സ്ഥലം ഡാറ്റ ബാങ്കിൽ നിന്നും ഒഴിവാക്കി നൽകി. കൽമണ്ഡപം ലാന്റ് ലിങ്ക്സ് ഫ്ലാറ്റിനാണ് പ്രവർത്തനാനുമതി നൽകിയിരിക്കുന്നത്. ഫ്ലാറ്റ് നിർമ്മാണത്തിൽ ക്രമക്കേട് നടന്നതായി വിജിലൻസും , ധനകാര്യ പരിശോധന വിഭാഗവും കണ്ടെത്തിയിരുന്നു
നെൽവയൽ നികത്തിയാണ് പാലക്കാട്ടെ ലാന്റ് ലിങ്ക്സ് ഫ്ലാറ്റ് നിർമ്മിച്ചത്. നഗരത്തിലേക്ക് വഴി ലഭിക്കാനായി ഇല്ലാത്ത ആളുകളുടെ പേരിൽ അപേക്ഷ നൽകി കനാലിന് കുറുകെ പാലം നിർമ്മിച്ചു.
വിജിലൻസ് അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയിരുന്നു. ഗുരുതര ക്രമക്കേടുകൾ നടന്നതായി ധനകാര്യ പരിശോധന വിഭാഗവും കണ്ടെത്തി. എന്നാൽ ഫ്ലാറ്റ് നിർമ്മിച്ച ഭൂമിയെ ഡാറ്റ ബാങ്കിൽ നിന്നും ഒഴിവാക്കി പ്രവർത്തനാനുമതി നൽകുകയാണ് സർക്കാർ ചെയ്തത്
ഭൂമിയുടെ ന്യായവിലയുടെ 20 ശതമാനം തുകയും, കെട്ടിടം നിർമ്മിച്ചതിന്റെ ഫീസും ഉൾപെടെ 69 ,93,346 രൂപ ഈടാക്കിയാണ് ഫ്ലാറ്റിന് പ്രവർത്തനാനുമതി നൽകിയത്