പാലക്കാട് മെഡിക്കൽ കോളേജ് ഭൂമി നഗരസഭക്ക് നൽകുന്നത് പ്രതിഷേധാർഹം;നടപടിയിൽ നിന്ന് സർക്കാർ പിന്മാറണം – ഫ്രറ്റേണിറ്റി മൂവ്മെന്റ്
പാലക്കാട്:പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പാലക്കാട് ഗവ.മെഡിക്കൽ കോളേജിന്റെ 70 സെന്റ് ഭൂമി നഗരസഭയുടെ സെപ്റ്റേജ് പദ്ധതിക്കായി നൽകാനുള്ള മന്ത്രിസഭ തീരുമാനം പ്രതിഷേധാർഹമാണെന്നും നടപടിയിൽ നിന്ന് സർക്കാർ പിന്മാറണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.6 മാസങ്ങൾക്ക് മുമ്പ് ഭൂമി കൈമാറ്റത്തിനുള്ള നീക്കങ്ങൾ ആരംഭിച്ചപ്പോൾ വകുപ്പ് മന്ത്രിയറിയാതെ ഉദ്യോഗ തലത്തിലുള്ള ഇടപെടലുകളാണ് നടന്നതെന്നാണ് പറഞ്ഞിരുന്നത്.എന്നാൽ ഇപ്പോൾ മന്ത്രിസഭ തന്നെ ഭൂമി തിരിമറിക്ക് തീരുമാനമെടുത്തതോടെ പട്ടിക ജാതി-പട്ടിക വർഗ ഉന്നമനത്തിനായുള്ള മെഡിക്കൽേ കോളേജിനെ തകർക്കാൻ രാഷ്ട്രീയ രംഗത്ത് തന്നെ നടന്ന ഗൂഢാലോചന മറനീക്കി പുറത്തുവന്നിരിക്കുകയാണ്. ഭൂമി തിരിമറിക്ക് നീക്കങ്ങൾ നടന്നപ്പോൾ തന്നെ ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി മെഡിക്കൽ കോളേജിന് മുന്നിൽ പ്രതിരോധ സംഗമം നടത്തിയിരുന്നു.
മെഡിക്കൽ കോളേജിന്റെ വികസനത്തിനായി തന്നെ ഭൂമി ആവശ്യമുണ്ടെന്നിരിക്കെ ഭൂമി നഗരസഭക്ക് കൈമാറുന്നത് അംഗീകരിക്കാനാകില്ലെന്നും നടപടിയിൽ നിന്ന് സർക്കാർ പിന്മാറിയില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി.