കോവിഡ് തരംഗത്തിനിടയിലും ആവേശമായി ഇന്ത്യക്ക് 73മത് റിപ്പബ്ലിക് ദിനം. വിജയ് ചൗക്കും പടക്കോപ്പുകളും ചിട്ടയൊപ്പിച്ചു മുന്നേറുന്ന സൈനികരും ആകാശക്കാഴ്ചകളും നൽകുന്ന ആവേശത്തിനൊപ്പം സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികത്തിന്റെ ഭാഗമായ അമൃത് മഹോത്സവത്തിനിടെയാണ്
73–ാം റിപ്പബ്ലിക് ദിനമെത്തുന്നതെന്ന പ്രത്യേകതയും ഇന്നുണ്ട്. നമ്മുടെ ജനാധിപത്യത്തിന്റെ വൈവിധ്യവും ഊർജ്ജസ്വലതയും ലോകമെമ്പാടും അഭിനന്ദിക്കുന്ന ഒന്നാണെന്ന് റിപ്പബ്ലിക്ദിന സന്ദേശത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു.
ഒരു രാഷ്ട്രം എന്ന നിലയിലുള്ള ഒത്തൊരുമയാണ് എല്ലാ വർഷവും റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്. ഈ അവസരത്തിൽ സ്വാതന്ത്ര്യ സമരസേനാനികളെ ഓർക്കാമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് മഹാമാരി ഈ വർഷത്തെ റിപ്പബ്ലിക്ക് ദിന ആഘോഷങ്ങൾ നിശബ്ദമാക്കിയേക്കാം. എന്നാൽ ആത്മാവ് എന്നത്തേയും പോലെ ശക്തമാണ്. സ്വരാജ് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ അസാമാന്യ ധീരത പ്രകടിപ്പിക്കുകയും അതിനുവേണ്ടി പോരാടാൻ ജനങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്ത സ്വാതന്ത്ര്യ സമര സേനാനികളെയും ഈ അവസരത്തിൽ നമുക്ക് സ്മരിക്കാം.
രണ്ട് വർഷത്തിലേറെയായി മനുഷ്യരാശി കൊറോണ വൈറസുമായി പോരാടുകയാണ്. ഈ പോരാട്ടത്തിനിടയിലും രാജ്യത്തിൻ്റെ ആത്മാഭിമാനം തലയുയർത്തിയാണ് റിപ്പബ്ലിക് ദിനം കൊണ്ടാടുന്നത്.
സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ കെട്ടുകെട്ടിച്ച് പൂര്‍ണ സ്വാതന്ത്ര്യം നേടിയ ഇന്ത്യയുടെ പ്രധാനപ്പെട്ട ദിനമാണ് 1947 ആഗസ്റ്റ് 15-ലെ സ്വാതന്ത്ര്യസമരവിജയദിനം. അതിനുതൊട്ടുപിന്നാലെ തന്നെയാണ് 1950 ജനുവരി 26ന് ഇന്ത്യയെ പരമാധികാര, സോഷ്യലിസ്റ്റ്, മതേതരത്വ, ജനാധിപത്യ റിപ്പബ്ലിക് ആയി പ്രഖ്യാപിച്ചത്. ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന ജനകീയ ഭരണ സമ്പ്രദായം എഴുതിയുണ്ടാക്കപ്പെട്ടതില്‍ ഏറ്റവും ബൃഹത്തായ ഭരണഘടന നമ്മുടെ രാജ്യത്തിന് സ്വന്തമായ ദിനമാണ് റിപ്പബ്ലിക് ദിനം. ഈ ദിനം റിപ്പബ്ലിക് ദിനമായി രാജ്യം ആഘോഷപൂർവ്വം കൊണ്ടാടുകയാണ്.
ക്യാബിനറ്റ് ഭരണസമ്പ്രദായമാണ് ഇന്ത്യന്‍ ഭരണഘടനയുടെ മറ്റൊരു സവിശേഷതയായുള്ളത്. രാഷ്ട്രത്തലവന് പ്രസിഡന്റാണ്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭയ്ക്കാണ് പക്ഷേ യഥാര്‍ത്ഥ അധികാരമുള്ളത്. ഇന്ത്യന്‍ ഭരണഘടനയുടെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്നായ ആമുഖത്തില്‍ പറഞ്ഞിരിക്കുന്ന ആശയങ്ങള്‍ നെഹ്റു അവതരിപ്പിച്ചതാണ്.
1946 ല്‍ ഇന്ത്യ സന്ദര്‍ശിച്ച ക്യാബിനറ്റ് മിഷന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഭരണഘടനയ്ക്ക് അന്തിമരൂപമായത്.
ഇന്ത്യയുടെ പരമോന്നത ഭരണഘടന നിലവിൽ വന്നതിന്റെ ഓര്‍മ്മക്കായാണ് ജനുവരി 26 രാജ്യം റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്. വിവിധ സേനാ വിഭാഗങ്ങളുടെ നേതൃത്വത്തിൽ രാജ്യ തലസ്ഥാനത്ത് നടക്കുന്ന സൈനിക പരേഡ് തന്നെയാണ് പ്രധാന റിപ്പബ്ലിക് ദിന പരിപാടി. ഇന്തോനേഷ്യൻ പ്രസിഡന്റ് സുകര്‍ണോ ആയിരുന്നു 1950-ലെ ഇന്ത്യയുടെ ആദ്യ റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നത്.
നമ്മള് ആഘോഷിക്കുന്ന ഓരോ റിപ്പബ്ലിക് ദിനവും രാജ്യത്തിന്റെ മതനിരപേക്ഷതയെ കൂടുതല്‍ കൂടുതല്‍ ശക്തമാക്കാനും പരിപോഷിപ്പിക്കുവാനുമുതകുന്ന പ്രതിജ്ഞയും പുനസമര്‍പ്പണവും പുതുക്കുന്നതിന് വേണ്ടിയുള്ളതാണെന്ന് മറക്കരുത്. എന്നാൽ ഓരോ റിപ്പബ്ലിക് ദിനം കടന്നു വരുമ്പോഴും കലുഷിതമായ അന്തരീക്ഷ സമാനമായ സംഭവവികാസങ്ങൾക്കാണ് രാജ്യം ചർച്ച ചെയ്യപ്പെടുന്നതെന്ന ദുഃഖകരമായ അവസ്ഥ ജനധിപത്യ – മതേതര വിശ്വാസികളെ വേദനിപ്പിക്കുന്നതാണ്.
റിപ്പബ്ലിക് ദിനത്തിൽ ഏവരും ഊന്നിപ്പറയുന്ന നമ്മുടെ മഹാത്മാഗാന്ധിയുടെ ഒരു ഉദ്ധരണിയുണ്ട്. അതിതാണ്…”ഒരു ജനാധിപത്യവാദി തികച്ചും നിസ്വാര്‍ത്ഥനായിരിക്കണം. തന്റെയോ തന്റെ കക്ഷിയുടെയോ പേരിലല്ല, ജനാധിപത്യത്തിന്റെ വഴിയിലൂടെ മാത്രമേ അയാള്‍ ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ സ്വപ്നം കാണുവാന്‍ പോലുമോ പാടുള്ളൂ. ഈയൊരു ചിന്തകൾക്ക് ഊടും പാവും നൽകുന്നതാവട്ടെ ഇത്തവണത്തെ റിപ്പബ്ലിക് സന്ദേശം.
കോവിഡിന്റെ പുതിയ വകഭേദങ്ങളുടെ വ്യാപനം പുതിയ പ്രതിസന്ധികൾ സൃഷ്ടിക്കുമ്പോൾ തന്നെ നമ്മുടെ സൈനികരും സുരക്ഷാ ഉദ്യോഗസ്ഥരുമാണ് രാഷ്ട്രത്തിന്റെ അഭിമാനം ഉയർത്തുന്നത്. ഹിമാലയത്തിലെ അസഹ്യമായ തണുപ്പിലും മരുഭൂമിയിലെ അസഹനീയമായ ചൂടിലും കുടുംബത്തിൽ നിന്ന് അകന്ന് അവർ മാതൃരാജ്യത്തിന് കാവൽ തുടരുന്നു. അതിർത്തികൾ സുരക്ഷിതമാക്കുന്ന സായുധ സേനയുടെയും ആഭ്യന്തര സുരക്ഷ കാത്തുസൂക്ഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെയും നിരന്തരമായ ജാഗ്രത മൂലമാണ് നമ്മുടെ പൗരന്മാർ സമാധാന ജീവിതം ആസ്വദിക്കുന്നതെന്ന ബോധ്യം രാജ്യസ്നേഹികളിൽ നിറക്കുന്ന ആവേശം ചെറുതല്ല. എല്ലാ വായനക്കാർക്കും റിപ്പബ്ലിക് ദിനാശംസകൾ. ശുഭ സായാഹ്നം. ജയ്ഹിന്ദ് !