കേരള ഹൈക്കോടതിയുടെ ചരിത്രത്തിലാദ്യമായി അർധരാത്രി സിറ്റിങ് നടത്തി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നു. അതും ചരക്കു ക്കപ്പലുമായി ബന്ധപ്പെട്ട പണമിടപാടിൽ. അപൂർവ്വങ്ങളിൽ അപൂർവ്വവും കൗതുകവുമായ വിധിക്ക് കാരണമായത്, വെള്ളത്തിന്റെ പണം അടയ്ക്കാതെ തീരം വിടാനുള്ള കൊച്ചി തുറമുഖത്തുള്ള എം വി ഓഷ്യൻ റൈസ് എന്ന ചരക്ക് കപ്പലിന്റെ യാത്രയുമായി ബന്ധപ്പെട്ടാണ്.
കപ്പലിന് വെള്ളം നൽകിയ സ്വകാര്യ കമ്പനിക്ക് രണ്ടരകോടി രൂപയാണ് നൽകാനുണ്ടായിരുന്നത്. എന്നാൽ ഈ പണം നൽകാതെ ഇന്ന് രാവിലെ തുറമുഖം വിടാനായിരുന്നു കപ്പൽ അധികൃതരുടെ നീക്കം. എന്നാൽ വെള്ളം നൽകിയ കമ്പനി അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് അർധരാത്രി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ രാത്രി തന്നെ സിറ്റിങ് നടത്തി യാത്ര തടഞ്ഞത്. കപ്പൽ അധികൃതർ നൽകാനുള്ള രണ്ടരക്കോടി രൂപ രണ്ടാഴ്ചക്കകം നൽകാനുള്ള നടപടി സ്വീകരിക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം. അതേസമയം രണ്ടാഴ്ചക്കകം ഈ തുക ലഭിച്ചില്ലെങ്കിൽ കപ്പൽ ലേലം ചെയ്യുന്നതിനുള്ള നടപടിയിലേക്ക് ഹർജിക്കാരന് കടക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
കപ്പൽ കൊച്ചി തുറമുഖം വിട്ടാൽ ഈ തുക തങ്ങൾക്ക് തിരികെ ലഭിക്കുക സാധ്യമല്ല എന്ന് കമ്പനിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
നിലവിലത്തെ ഹൈക്കോടതിയുടെ ഉത്തരവിന്റെ സാഹചര്യത്തിൽ കപ്പലിന് പണം നൽകാതെ തീരം വിടാൻ സാധിക്കുകയില്ല എന്നാണ് വാർത്ത. എത്ര മനോഹരമായ വിധിയും ഇടപെടലുമാണ് കേരള ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. ഇതുപോലെ അടിയന്തര പ്രാധാന്യമുള്ള കേസുകൾ കൈകാര്യം ചെയ്ത് തീർപ്പു കൽപ്പിച്ചിരുന്നെങ്കിൽ ഒരുപാട് കേസുകൾക്ക് വിരാമം കുറിക്കുക മാത്രമല്ല, അന്യായക്കാരുടെ സമയ നഷ്ടവും സാമ്പത്തിക ബാധ്യതയും ഒഴിവാക്കാനാവുമായിരുന്നു. വൈകി കിട്ടുന്ന നീതി നിഷേധിക്കപ്പെടുന്ന നീതിക്ക് തുല്യമാണെന്ന് പറയുന്നതെത്ര ശരി. എല്ലാവർക്കും സമയബന്ധിതമായ നീതിന്യായം ലഭിക്കുന്ന നല്ലൊരു നാൾ ആശംസിക്കുന്നു. ശുഭ സായാഹ്നം. ജയ്ഹിന്ദ്.