പാലക്കാട് : പുതുശ്ശേരി കുഴൽപണ സംഘത്തെ ആക്രമിച്ചു പണവും കാറും തട്ടിയെടുത്ത കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. സംഘത്തിലെ മുഖ്യപ്രതിയും കവർച്ച നടത്തുന്നതിനായി മറ്റു പ്രതികളെ ഏർപ്പാടാക്കുകയും ചെയ്ത വണ്ടിത്താവളം കന്നിമാരി കളപ്പുരചള്ള കാവിൽകളം എ.വിനുവിനയാണ് 33 കസബ പൊലീസ് അറസ്റ്റ് ചെയ്തത്. വിനു സമാനമായ കേസിൽ ഉൾപ്പെട്ട് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ഇതോടെ കേസിൽ 3 പേർ അറസ്റ്റിലായി. കഴിഞ്ഞ ഡിസംബർ 15നാണ് കേസിനാസ്പദമായ സംഭവം. ദേശീയപാതയിൽ പുതുശ്ശേരി ഫ്ലൈഓവറിൽ ടിപ്പറും കാറുകളും ഉപയോഗിച്ച് കാർ തടഞ്ഞു നിർത്തി ഡ്രൈവറെയും കൂട്ടാളിയെയും ആക്രമിച്ച് കാറും പണവും തട്ടിയെടുത്തു. പിന്നീട് ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ പരിസരത്ത് കാർ ഉപേക്ഷിച്ച് പ്രതികൾ മുങ്ങി. കവർച്ച ചെയ്തതു കുഴൽപണമാണെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു.
കേസിൽ കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാവുമെന്ന് കസബ ഇൻസ്പെകടർ എൻ.എസ്.രാജീവ് അറിയിച്ചു. ജില്ലാ പോലീസ് മേധാവി ആർ.വിശ്വനാഥിന്റെ നിർദേശപ്രകാരം, ഡിവൈഎസ്പിമാരായ പി.സി.ഹരിദാസ്, കെ.എം.ദേവസ്യ എന്നിവരുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർമാരായ എൻ.എസ്.രാജീവ്, എ.ദീപകുമാർ, ഇ.ആർ.ബൈജു, കെ.ഹരീഷ്, എസ്ഐമാരായ ആർ.അനീഷ്, എസ്. രംഗനാഥൻ, എഎസ്ഐ ടി.എ.ഷാഹുൽ ഹമീദ്, സീനിയർ സിപിഒമാരായ വിമൽ കുമാർ, സിപിഒ മണികണ്ഠദാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്